മെഡിസെപ് പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും

തിരുവനന്തപുരം> സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന മെഡിസെപ് പദ്ധതിക്ക് (മെഡിക്കല്‍ ഇന്‍ഷുറന്‍സ് ടു സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്സ്) വ്യാഴാഴ്ച തുടക്കമാകും. ഇവരുടെ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍, ഈ മേഖലയിലെ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള പദ്ധതിയാണിത്. സര്‍വകലാശാലകളിലെ അടക്കം 5,65,508 ജീവനക്കാരും, 5,50,066 പെന്‍ഷന്‍കാരും പദ്ധതിയുടെ ഭാഗമായി. സഹകരണ ജീവനക്കാരെ പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. മെഡിസെപ്പില്‍ അംഗത്തിന്റെ വാര്‍ഷിക പ്രീമിയം 2992.48 രൂപയാണ്.
ഈ തുക 250 രൂപ നിരക്കില്‍ ജീവനക്കാരുടെ പ്രതിമാസ ശമ്ബളത്തില്‍നിന്ന് പിടിക്കും. പെന്‍ഷന്‍കാര്‍ക്കുള്ള പ്രീമിയം തുക മെഡിക്കല്‍ അലവന്‍സില്‍നിന്ന് ലഭ്യമാക്കും. കിടത്തി ചികിത്സയ്ക്ക് വിവിധ പാക്കേജ് നിരക്കുകളാണ്. 1750 രൂപ മുതല്‍ 2750 രൂപ വരെ പ്രതിദിനം ചെലവ് വരുന്നവയാണ് പാക്കേജുകള്‍.

സര്‍ക്കാര്‍ നിശ്ചയിച്ച ചികിത്സാച്ചെലവുമാത്രമേ ഈടാക്കാനാകൂ എന്നതിനാല്‍ ഡോക്ടര്‍മാരുടെ ദേശീയ സംഘടനയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സര്‍ക്കാര്‍, സഹകരണ ആശുപത്രികള്‍ക്ക് മുന്‍ഗണന നല്കി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെ സ്വകാര്യ ആശുപത്രികളും സഹകരിക്കാന്‍ തയ്യാറായി. തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും മുന്‍നിര ആശുപത്രികളും സര്‍ക്കാരുമായി ചര്‍ച്ച നടത്തി. ഈ മാസംതന്നെ പദ്ധതിയിലെ അക്രഡിറ്റഡ് ആശുപത്രികളുടെ പൂര്‍ണ പട്ടികയാകും.

