ട്രയല്‍ റണ്ണിനിടെ കാര്‍ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

മുക്കം: വില്‍പ്പനയ്ക്കുവെച്ച കാര്‍, ട്രയല്‍ റണ്ണിനിടെ കടത്തിക്കൊണ്ടുപോയി വില്ക്കാന് ശ്രമിക്കവെ മുക്കം പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മോഷണവുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ബുധനാഴ്ച രാവിലെ 11 മണിയോടെ മുക്കം നഗരസഭയിലെ നീലേശ്വരത്തുവെച്ചാണ് തന്ത്രപൂര്‍വം കാര്‍ പോലീസ് പിടികൂടിയത്.
കാര്‍ വില്‍പ്പനയ്ക്കെന്നു കാണിച്ച് പാണ്ടിക്കാട് ഐ.ആര്.ബി. ക്യാമ്പിലെ ജീവനക്കാരനും തിരുവനന്തപുരം ആറ്റിങ്ങല്‍ പള്ളിക്കല്‍ സ്വദേശിയുമായ സനല്‍ ഒ.എല്‍.എക്സില്‍ കാറിന്റെ ഫോട്ടോയും വിവരങ്ങളും പോസ്റ്റുചെയ്തിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട മലപ്പുറം പാണ്ടിക്കാട് സ്വദേശി കാര്‍ വാങ്ങാന്‍ താത്പര്യമുണ്ടെന്നു പറഞ്ഞ് സനലിനെ വിളിച്ചു. കാര്‍ നേരിട്ടു കണ്ടശേഷം ഇഷ്ടപ്പെട്ടെന്നും ട്രയല്‍ റണ്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ട്രയല്‍ റണ്ണിനിടെ കാറുമായി കടന്നുകളയുകയായിരുന്നു. കഴിഞ്ഞ 23-നായിരുന്നു സംഭവം. തുടര്‍ന്ന്, സനല്‍ മലപ്പുറം പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി.

മോഷ്ടിച്ചശേഷം കാറിന്റെ നമ്ബര്‍ പ്ലേറ്റ് എടുത്തുമാറ്റി ഫോര്‍ രജിസ്ട്രേഷന് സ്റ്റിക്കര്‍ ഒട്ടിക്കുകയും കാറിലെ ജി.പി.എസ്. സംവിധാനം വിച്ഛേദിക്കുകയും ചെയ്തതോടെ അന്വേഷണം വഴിമുട്ടി. അതിനിടെ, കാര്‍ വില്‍ക്കാനുണ്ടെന്നു പറഞ്ഞ് പ്രതികള്‍ വയനാട് പുല്‍പ്പള്ളി സ്വദേശിയെ സമീപിച്ചു. കാര്‍ വാങ്ങുന്നതിനു മുമ്പ് പുല്‍പ്പള്ളി സ്വദേശി കാറിനകത്ത് നടത്തിയ പരിശോധനയില്‍ കാറിന്റെ ആര്.സി. ബുക്ക് കാണുകയും അതില്‍ എഴുതിയ ഫോണ്‍ നമ്പറില്‍ സനലിനെ ബന്ധപ്പെടുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്.

തുടര്‍ന്ന്, വയനാട് സ്വദേശി കച്ചവടത്തില്‍നിന്ന് പിന്മാറി. ഈ വിവരം സനല്‍ മുക്കം പോലീസിനെ അറിയിക്കുകയും കാര്‍ വാങ്ങാന്‍ താത്പര്യമുണ്ടെന്നു പറഞ്ഞ് മുക്കം പോലീസ് മോഷ്ടാക്കളെ ബന്ധപ്പെടുകയുമായിരുന്നു. മുക്കം നീലേശ്വരം സ്വദേശിയാണെന്നും കാര്‍ നീലേശ്വരത്തേക്ക് കൊണ്ടുവന്നാല്‍ വാങ്ങാമെന്നും പോലീസ് അറിയിച്ചു.

ബുധനാഴ്ച രാവിലെ പത്തുമണിയോടെ നീലേശ്വരത്ത് എത്തിച്ചപ്പോഴാണ് കാറും കാറിലുണ്ടായിരുന്നവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ട്രയല്‍ റണ്ണിനിടെ കാര്‍ കടത്തിക്കൊണ്ടുപോയവരല്ല കാറുമായി പോലീസിന്റെ പിടിയിലായത്. മോഷണം നടന്നത് പാണ്ടിക്കാട് സ്റ്റേഷന് പരിധിയിലായതിനാല്‍, പിടികൂടിയ കാറും അറസ്റ്റിലായവരെയും വൈകീട്ടോടെ പാണ്ടിക്കാട് പോലീസിന് കൈമാറി. പിടിയിലായവര്‍ക്ക് സംഭവത്തിലുള്ള പങ്ക് പോലീസ് അന്വേഷിച്ചുവരികയാണ്.
