ഘോരന്‍കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ നിന്ന് മോഷണംപോയ വിഗ്രഹം കണ്ടെത്തി

പേരാമ്പ്ര: ആവള ഘോരന്‍കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മോഷണംപോയ വിഗ്രഹം കണ്ടെത്തി. സംഭവത്തില്‍ സമീപവാസിയായ ആവള പുതിയേടത്ത് വേണു (51)വിനെ മേപ്പയ്യൂര്‍ സി.ഐ. ജി. അനൂപ് അറസ്റ്റുചെയ്തു. വിഗ്രഹവും വേണുവിനെയും വ്യാഴാഴ്ച പയ്യോളി കോടതിയില്‍ ഹാജരാക്കും. ക്ഷേത്രവാതില്‍ തുറന്നനിലയില്‍ കണ്ടെന്ന് ആദ്യം ബന്ധപ്പെട്ടവരെ അറിയിച്ചയാള്‍ തന്നെയാണ് ഒടുവില്‍ പോലീസിന്റെ പിടിയിലായത്. ക്ഷേത്രകമ്മിറ്റിക്കാരുമായുണ്ടായ വൈരാഗ്യമാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് വേണു പോലീസിന് നല്‍കിയ മൊഴി. ക്ഷേത്രത്തിന്റെ തെക്കുവശത്തെ റോഡരികിലെ നിര്‍മാണത്തിലിരിക്കുന്ന കടയുടെ സമീപത്ത് കൂട്ടിയിട്ട മണലില്‍ ഒളിപ്പിച്ചനിലയിലായിരുന്നു വിഗ്രഹം. മണല്‍ താര്‍പ്പായകൊണ്ട് മൂടിയനിലയിലായിരുന്നു.
മേപ്പയ്യൂര്‍ സി.ഐ. ജി. അനൂപ്, എസ്.ഐ. എ.കെ. സജീഷ്, അഡീഷണല്‍ എസ്.ഐ. കെ.പി. ഭാസ്കരന്‍, എ.എസ്.ഐ. പി. ഹസ്സന്‍കുട്ടി, വടകര എസ്.പി.യുടെ സ്ക്വാഡിലെ കെ. പ്രദീപ്, സി.പി.ഒ. ഷൈജു എന്നിവരുടെ നേതൃത്വത്തില്‍നടന്ന അന്വേഷണത്തിലാണ് വിഗ്രഹം കണ്ടെടുത്ത് പ്രതിയെ അറസ്റ്റുചെയ്തത്. വടകരയില്‍ നിന്ന് ഫിംഗര്‍ പ്രിന്റ് എക്സ്‌പേര്‍ട്ട് എ.കെ. ജിജീഷ് പ്രസാദ് എത്തി വിഗ്രഹത്തില്‍നിന്ന് വിരലടയാളം ശേഖരിച്ചു. വൈകീട്ട് വേണുവിനെ ക്ഷേത്രത്തിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. വാതില്‍ തുറക്കാന്‍ ഉപയോഗിച്ച ചട്ടുകം, അമ്പലത്തിന്റെ തഴുത് എന്നിവയെല്ലാം തെളിവെടുപ്പില്‍ കണ്ടെടുത്തിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പോലീസ് ക്ഷേത്രത്തിന്റെ സമീപഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിഗ്രഹം ലഭിച്ചത്. പയ്യോളി ഡോഗ് സ്ക്വഡിലെ പോലീസ് നായ ജാങ്കോ വിഗ്രഹത്തില്‍നിന്ന് മണംപിടിച്ച് വേണുവിന്റെ വീടിനുമുന്നില്‍പ്പോയി നിന്നതും പ്രധാന തെളിവായി. തിങ്കളാഴ്ച രാത്രി രണ്ടോടെയാണ് വിഗ്രഹം മോഷ്ടിച്ചതെന്ന് വേണു സമ്മതിച്ചതായി പോലീസ് പറഞ്ഞു. ക്ഷേത്രത്തിനുമുന്നിലെ റോഡരികില്‍ തന്നെയാണ് ഇയാളുടെ വീട്.

ക്ഷേത്രത്തില്‍ വിളക്കുവെക്കാന്‍ ഉള്‍പ്പടെ എല്ലാത്തിനും മുമ്ബ് സഹായത്തിന് എത്തിയിരുന്നയാളാണ് വേണുവെന്ന് ക്ഷേത്രത്തിലെ ജോലിക്കാര്‍ പറയുന്നു. ക്ഷേത്രവാതിലിന്റെ ഒരു താക്കോലും വേണുവിന്റെ കൈവശം നേരത്തേയുണ്ടായിരുന്നു. അടുത്തിടെ ഈ താക്കോല്‍ തിരികെവാങ്ങിയിരുന്നു. ഇതാണ് ഇയാളുടെ വൈരാഗ്യത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

