DYFI യൂത്ത് സ്ട്രീറ്റ് ഇന്ന് കൊയിലാണ്ടിയിൽ – സ്വീകരണത്തിന് വൻ തയ്യാറെടുപ്പുകൾ

കൊയിലാണ്ടി: “വർഗീയത വേണ്ട ജോലി മതി ” എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ് ക്യാമ്പയിൻ്റെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹിം നയിക്കുന്ന യൂത്ത് സ്ട്രീറ്റ് ഇന്ന് വൈകീട്ട് 5 മണിക്ക് കൊയിലാണ്ടിയിൽ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.
യുവാക്കളുടെ തൊഴിലവസരം നശിപ്പിക്കുകയും പൊള്ളയായ വാഗ്ദാനം നൽകി യുവാക്കളെ വഞ്ചിക്കുകയും ചെയ്യുന്ന മോഡി സർക്കാരിൻ്റെ ദ്രോഹ നയങ്ങൾക്കെതിരെ വൻ യുവജനരോഷമാണ് ജാഥാ സ്വീകരണത്തിലെങ്ങും കാണുന്നത്. വെള്ളിയാഴ്ച ജാഥ കൊയിലാണ്ടിയൽ എത്തിച്ചേരുമ്പോൾ അത് വൻ ജനസഞ്ചയമായി മാറുമെന്നും നേതാക്കൾ പറഞ്ഞു.

സ്വീകരണം വിജയിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് നേതാക്കളും പ്രവർത്തകരും. പരിപാടി വിജയിപ്പിക്കാനുള്ള വിപുലമായ സംഘാടകസമിതി ചേർന്നതിന്ശേഷം മേഖലാ യൂണിറ്റ് കേന്ദ്രങ്ങളിൽ ചുരുഞ്ഞിയ ദിവസങ്ങൾക്കുള്ളിൽ നടന്ന ചിട്ടയായ പ്രവർത്തനം പ്രവർത്തകരെ അവേശംകൊള്ളിച്ചിരിക്കുകയാണ്. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എൽ.ജി. ലിജീഷ്, ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ് തുടങ്ങി നിരവധി നേതാക്കൾ പ്രചാരണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.

വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കൊയിലാണ്ടിയിലെത്തുന്ന ജാഥയെ കൊയിലാണ്ടി മേൽപ്പാലം ജംങ്ഷനിൽ വെച്ച് മുത്തുക്കുടയുടെയും, ബാൻ്റ് സംഘങ്ങളുടെയും, ചെണ്ട വാദ്യങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്തേക്ക് ആനയിക്കും. തുടർന്ന് ബ്ലോക്കിൻ്റെ വിവധ കേന്ദ്രങ്ങളിൽ നിന്ന് എത്തുന്ന ആയിരങ്ങളെ സാക്ഷി നിർത്തി ജാഥാ ക്യാപ്റ്റൻ എ എ റഹിം, മാനേജർ കെ യു ജനീഷ്‌കുമാർ, ഗ്രീഷ്മ അജയ്‌ഘോഷ്, കെ പ്രേംകുമാർ, ജെയ്ക്ക് സി തോമസ് ഉൾപ്പെടെ നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു.

