രാഖി കൊലക്കേസിൽ രണ്ടാം പ്രതി രാഹുല്‍ അറസ്റ്റില്‍

വെള്ളറട: അമ്പൂരിയില്‍ രാഖിയെന്ന യുവതിയെ കൊലപ്പെടുത്തി ഉപ്പിട്ട് കുഴിച്ചുമൂടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. മുഖ്യപ്രതി അഖിലിന്റെ സഹോദരന്‍ രാഹുല്‍ നായരാണ് (27) പൊലീസ് പിടിയിലായത്. രണ്ടാം പ്രതിയായ ഇയാള്‍ ആര്‍എസ്‌എസിന്റെ സജീവപ്രവര്‍ത്തകനാണ്. പ്രതികള്‍ ഉപയോഗിച്ച കാര്‍ തമിഴ്നാട്ടിലെ തൃപ്പരപ്പ് സ്വദേശിയായ സൈനികന്‍ രതീഷിന്റേതാണെന്ന് കണ്ടെത്തി. അഖിലിന്റെ വീട്ടില്‍ അന്വേഷണഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധിച്ച് കൂടുതല്‍ തെളിവുശേഖരിച്ചു. രാഖി ഉപയോഗിച്ചതെന്നുകരുതുന്ന മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവദിവസം രാഖി നെയ്യാറ്റിന്‍കര കെഎസ്‌ആര്‍ടിസി ബസ് സ്‌റ്റാന്‍ഡില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. സ്‌റ്റാന്‍ഡിലെ കടയില്‍നിന്നാണ് ദൃശ്യം ലഭിച്ചത്. കേസിലെ മൂന്നാംപ്രതി ആദര്‍ശിനെ കഴിഞ്ഞദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു.

അതിനിടെ നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതികളെ രക്ഷിക്കാന്‍ ആര്‍എസ്‌എസ് നീക്കം തുടങ്ങി. പ്രതികള്‍ ആര്‍എസ്‌എസിന്റെ സജീവപ്രവര്‍ത്തകരാണ്. രാഖിമോളും കാമുകനായിരുന്ന ഒന്നാംപ്രതി സൈനികന്‍ അഖില്‍ ആര്‍ നായരും വിവാഹിതരായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അറസ്‌റ്റിലായ മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

രാഖിയും അഖിലും എറണാകുളത്ത് ഒരുക്ഷേത്രത്തില്‍ 2019 ഫെബ്രുവരി പതിനഞ്ചിനാണ് വിവാഹിതരായത്. തുടര്‍ന്ന് ഭാര്യാ ഭര്‍ത്താക്കന്മാരായാണ് ജീവിച്ചത്. പിന്നീട് അന്തിയൂര്‍ക്കോണത്തെ മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹം നിശ്‌ചയിച്ചതോടെ ഇരുവരും തെറ്റി. ഈ വിവാഹത്തില്‍നിന്ന് പിന്‍മാറാന്‍ രാഖി ആവശ്യപ്പെട്ടു. സമ്മതിക്കാതെ വന്നതോടെ രാഖി അഖിലിനെ ഭീഷണിപ്പെടുത്തി. അതോടെ, കൊലപാതകം ആസൂത്രണം ചെയ്‌തു.

കുഴിയെടുത്തു. മൃതദേഹത്തില്‍ വിതറാന്‍ ഉപ്പും ശേഖരിച്ചു. തുടര്‍ന്ന് എറണാകളത്ത് നിന്ന് യുവതിയെ വിളിച്ചുവരുത്തി. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ അഖില്‍ പുതുതായി നിര്‍മിക്കുന്ന വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടുപോയി. വീടിന് സമീപം എത്തിയപ്പോള്‍ അഖിലിന്റെ സഹോദരന്‍ രാഹുല്‍ കാറില്‍ കയറി. അയാള്‍ കഴുത്തുഞെരിച്ചു. ബോധരഹിതയായതോടെ അഖില്‍ ഡ്രൈവിങ് സീറ്റില്‍നിന്ന് ഇറങ്ങി വന്ന് കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കി കൊന്നു.
വസ്‌ത്രങ്ങള്‍ നീക്കിയ ശേഷം കുഴിയിലിട്ട് ഉപ്പ് വിതറി മണ്ണിട്ട് മൂടി. രാഖിയുടെ മുഴുവന്‍ വസ്‌ത്രങ്ങളും കത്തിച്ച ശേഷമാണ് പ്രതികള്‍ സ്ഥലം വിട്ടത്– പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
മുഖ്യ പ്രതി അഖില്‍ ആര്‍ നായരെ തേടി പൊലീസ് രണ്ടുസംഘമായി ലഡാക്കിലേക്കും മധുരയിലേക്കും പോയി. അഖില്‍ ജോലി ചെയ്യുന്ന പാരാമിലിട്ടറി വിഭാഗത്തിന്റെ ഡല്‍ഹി ഓഫീസിലെ കമാണ്ടന്റിന് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കത്തും പൊലീസ് കൈമാറി.
