കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ പിതാവ് കെ വി വാസു അന്തരിച്ചു

കൂത്തുപറമ്പ്> സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവും കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ പിതാവുമായ നരവൂര്‍ സൗത്തിലെ കെ വി വാസു (76) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ 1.50 ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലിന് കൂത്തുപറമ്പ് നഗരസഭാ പൊതുശ്മശാനമായ ശാന്തി വനത്തില്‍.
കൂത്തുപറമ്പ് മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ ത്യാഗപൂര്‍ണ്ണമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം. സിപിഐ എം അവിഭക്ത കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഐ എം നരവൂര്‍ സൗത്ത് ബ്രാഞ്ചംഗമാണ്.

പരേതരായ കണ്ണന്റെയും കുഞ്ഞിമ്മാതയുടെയും മകനാണ്. ഭാര്യ: നാരായണി. മറ്റു മക്കള്‍: കെ വി രതീശന്‍, കെ വി രജിന (തലശേരി താലൂക്ക് ഓഫീസ് ). മരുമക്കള്‍: ഷിജിമ , അരുണ്‍ (കരിയാട്).

1994 നവംബര്‍ 25 ന് കൂത്തുപറമ്ബില്‍ യുവജന സമരത്തിനു നേരെ നടന്ന പൊലീസ് വെടിവയ്‌പ്പിലാണ് എസ്‌എഫ്‌ഐയുടെ ഉശിരന്‍ നേതാവായിരുന്ന റോഷന്‍ രക്തസാക്ഷിയായത്.

