ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന് നല്‍കുന്നത് നിയന്ത്രിക്കണം: ഹൈക്കോടതി

കൊച്ചി: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മോഡറേഷന് നല്‍കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്ന കേന്ദ്രതീരുമാനം നാലു മാസത്തിനകം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ചോദ്യക്കടലാസില് അവ്യക്തത പോലുള്ള ഘട്ടങ്ങളില്‍ മാത്രമേ ജയിക്കാന്‍വേണ്ട മാര്‍ക്ക് മോഡറേഷനായി നല്‍കാവൂ. 2017 ഏപ്രില്‍ 24നാണ് മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെയും ബോര്‍ഡ് ചെയര്മാന്മാരുടെയും യോഗം ചേര്‍ന്ന് സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറിതല ബോര്‍ഡ് പരീക്ഷകളില്‍ അധിക മാര്‍ക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് തുടര്‍ മൂല്യനിര്‍ണയം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ 40 ശതമാനം വരെ അധികമാര്‍ക്ക് നല്‍കുന്നുണ്ടെന്നും ഇത് വിവേചനമാണെന്നും ആരോപിച്ച് പത്തനംതിട്ട കരവാളൂര്‍ സ്വദേശി റോഷന് ജേക്കബ്, അഞ്ചല്‍ സ്വദേശിനി ആന്‍സ് ജേക്കബ്, ചെങ്ങന്നൂര്‍ സ്വദേശിനി ആര് നന്ദന എന്നിവര്‍ നല്കിയ ഹര്‍ജികളിലാണ് വിധി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയതീരുമാനം വേണം.

ഇതുസംബന്ധിച്ച എസ്സിആര്‍ടി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും കുറച്ചുകൂടി സമയം വേണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി സത്യവാങ്മൂലം നല്‍കിയിരുന്നു. കോടതിവിധി പഠിച്ചശേഷം സര്‍ക്കാര്‍ അനന്തര നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.

