കനത്ത മഴയില്‍ മുറ്റം ഇടിഞ്ഞു: വീട് അപകട ഭീഷണിയില്‍

പേരാമ്പ്ര: ചക്കിട്ടപാറ പൂഴിത്തോട് ചെറുകുന്നിലെ ഒരു കുടുംബം അപകട ഭീഷണിയില്‍. വായ്പ വാങ്ങി നിര്‍മ്മിച്ച വീട് തകര്‍ച്ചാ ഭീഷണി നേരിടുന്ന അവസ്ഥയിലായിരിക്കുകയാണ്. കോണ്‍ക്രീറ്റ് വീട് ഉയരമുള്ള ഭാഗത്താണു പണിതത്. കരിങ്കല്ലു പയോഗിച്ചു നിര്‍മ്മിച്ച മുറ്റത്തിന്റെ കെട്ട് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ പൊട്ടിത്തകര്‍ന്നു വീണതോടെ വീടിന്റെ തറ വരെയുള്ള മുറ്റ ഭാഗം പൊട്ടിപ്പിളര്‍ന്ന നിലയിലാണ്.
90000 രൂപ ചെലവഴിച്ചാണു മുറ്റം കെട്ടിയതെന്നു വീട്ടുകാര്‍ പറഞ്ഞു. സഹായം തേടി ചെമ്പനോട വില്ലേജ് അധികൃതരെ സമീപിച്ചപ്പോള്‍ അപേക്ഷ സ്വീകരിക്കാന്‍ പോലും അവര്‍ തയാറായില്ലെന്നു ആശാ വര്‍ക്കര്‍ കൂടിയായ ലിസി പറഞ്ഞു. വീട് നിര്‍മ്മിക്കാന്‍ ഫണ്ടിന് അപേക്ഷ നല്‍കിയെങ്കിലും പഞ്ചായത്തും ഒന്നും നല്‍കിയില്ല.

വീടിന്റെ അപകടാവസ്ഥ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും അവര്‍ കൈമലര്‍ത്തുകയാണ്. തകര്‍ന്ന ഭാഗം കൂടുതലിടിയാതിരിക്കാന് പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരിക്കുകയാണ്.

