തൊടുന്നതെല്ലാം മാന്ത്രികമാക്കുന്ന സര്‍ഗ വ്യക്തിത്വത്തിനുടമയാണ് എം ടി വാസുദേവന്‍ നായർ: എം എ ബേബി

കോഴിക്കോട‌്: പല അടരുകളായി വായിക്കാവുന്ന രചനയും സാംസ‌്കാരിക സംഭാവനകളും അര്‍പ്പിച്ച ബഹുമുഖപ്രതിഭയാണ‌് എം ടി വാസുദേവന്‍ നായരെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. മലയാളത്തിന്റെ ഗബ്രിയേല്‍ ഗാര്‍ഷ്യേ മാര്‍ക്വേസാണ‌് എം ടി. മാര്‍ക്വേസിനെപോലെ സിനിമ, പത്രപ്രവര്‍ത്തനം, സര്‍ഗസാഹിത്യം എന്നിവയിലെല്ലാം എം ടി മുദ്രകള്‍ പതിപ്പിച്ചു. വാക്കുകള്‍ സൂക്ഷ‌്മമായി ഉപയോഗിച്ച‌് ആശയത്തിന്റെ വിശാലാകാശം മലയാളിക്കായി തുറന്നുതന്ന എഴുത്തുകാരനാണ‌് അദ്ദേഹം. കെജിഒഎയുടെ ഡോ. എന്‍ എം മുഹമ്മദലി എന്‍ഡോവ‌്മെന്റ‌് എം ടിക്ക‌് സമ്മാനിച്ച‌് ബേബി പറഞ്ഞു.
തൊടുന്നതെല്ലാം മാന്ത്രികമാക്കുന്ന സര്‍ഗവ്യക്തിത്വത്തിനുടമയായ എം ടിയെ പുതിയകാലത്താണ‌് വീണ്ടും വീണ്ടും വായിക്കേണ്ടത‌്. അരനൂറ്റാണ്ടുമുമ്പ് എം ടി എഴുതിയത‌് ഇന്നത്തെ നമ്മുടെ സാമൂഹ്യ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാകുന്ന അനുഭവമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശില്‍പ്പവും അരലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ‌് പുരസ‌്കാരം.

ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എ പ്രദീപ‌്കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ‌്ണന്‍നായര്‍ സ‌്മാരക പ്രഭാഷണവും വി വി സുധാകരന്‍ അനുസ‌്മരണ പ്രഭാഷണവും നിര്‍വഹിച്ചു. എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ‌് ഇ പ്രേംകുമാര്‍, കെജിഒഎ സംസ്ഥാന പ്രസിഡന്റ‌് ഡോ. കെ ടി ശ്രീലതകുമാരി എന്നിവര്‍ സംസാരിച്ചു. ഡോ. എ സുഹൃത്ത‌്കുമാര്‍ റിപ്പോര്‍ട്ട‌് അവതരിപ്പിച്ചു. എം ടി മറുപടി പറഞ്ഞു. കെജിഒഎ ജനറല്‍ സെക്രട്ടറി ടി എസ‌് രഘുലാല്‍ സ്വാഗതവും ജില്ലാ സെക്രട്ടറി എം വാസുദേവന്‍ നന്ദിയും പറഞ്ഞു.

