ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണയാള്‍ പുറംലോകം കാണാതെ മൂന്ന് നാൾ

വെമ്പായം : വീട്ടുമുറ്റത്തെ കിണറിന്റെ കൈവരിയില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണയാള്‍ പുറംലോകം അറിയാതെ കിടന്നത് മൂന്നുനാള്‍. മൂന്നാം ദിവസം കിണറിന് സമീപത്തു കൂടി പോകവേ കിണറ്റിനുള്ളില്‍ നിന്നും ഞരക്കം കേട്ടയാള്‍ നടത്തിയ പരിശോധനയിലാണ് ജീവന് രക്ഷിക്കാനായത്.
വെമ്പായം കൊഞ്ചിറ നാലുമുക്ക് വിളയില്‍ വീട്ടില്‍ പ്രദീപ് (38) ആണ് ബുധനാഴ്ച വൈകിട്ട് കിണറ്റില്‍ വീണത്. അമ്മ സരള ഈ ദിവസങ്ങളില്‍ ദൂരെ ഒരു ബന്ധുവീട്ടില്‍ ആയിരുന്നതിനാലാണ് പ്രദീപ് കിണറ്റില്‍ വീണത് അറിയാതെപോയത്. പ്രദീപിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഫോണ്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കേടായിരുന്നു.

കിണറ്റിലേയ്ക്ക് വീണ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും കിണറിന്റെ തൊടിയില്‍ പിടിച്ചിരുന്ന നിലവിളിച്ചുവെങ്കിലും ആരും കേട്ടില്ല. മൂന്നാം ദിവസം അവശനായതോടെ നിലവിളിക്കാന്‍ പോലും കഴിയാതായി. ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കിണറിനടുത്തു കൂടി നടന്നു പോയ വഴിയാത്രക്കാരന് കിണറ്റിനുള്ളില്‍ നിന്നും ശബ്ദം കേട്ടത്. അപ്പോഴാണ് പ്രദീപിനെ കിണറ്റില്‍ കണ്ടത്. ഉടന്‍ നെടുമങ്ങാട് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. പ്രദീപിനെ ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഗ്നിരക്ഷാ യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ അജികുമാറിന്റെ നേതൃത്വത്തില്‍ ഫയര്മാന്മാരായ അനുപ്, രഞ്ജു, വിവിന്, നിഖില്‍, സന്തോഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

