ബഷീര്‍ അനുസ്മരണം

കോഴിക്കോട്> ഏത് കാലത്തും വായനക്കാരനെ വായിക്കാന്‍ പ്രചോദിപ്പിച്ച എഴുത്തുകാരനായിരുന്നു ബഷീര്‍ എന്ന് എം മുകുന്ദന് അഭിപ്രായപ്പെട്ടു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകുന്ദന്.
ബഷീറിലേക്ക് നിരവധി വഴികളുണ്ട്. ബഷീറില്‍ ഇല്ലാത്തത് ഒന്നുമില്ല. എനിക്കിപ്പോഴും പൂര്‍ണമായും ബഷീറിനെ മനസ്സിലായിട്ടില്ല. ഞാനിപ്പോഴും ബഷീറിനെ അന്വേഷിക്കുകയാണ്. എഴുത്തുകാരന് രണ്ട് ജീവിതങ്ങളുണ്ട്. എഴുത്തുകാരന്റെ ജീവിതവും സ്വന്തം ജീവിതവും. ഇത് രണ്ടും സമ്മേളിച്ചതായിരുന്നു ബഷീറിന്റെ ജീവിതം. ബഷീര്‍ അരിവാളുപയോഗിച്ച് മീന്‍മുറിക്കുന്ന ഫോട്ടോയുണ്ട്. മറ്റൊരു എഴുത്തുകാരനും ഇത്തരത്തിലൊരു ജോലിചെയ്യാനോ അത് ഫോട്ടോയാക്കി മാറ്റാനോ നില്‍ക്കില്ല.

പുതിയ കാലത്ത് കോര്‍പറേറ്റുകള്‍ പുസ്തകശാലകളെ ഇല്ലാതാക്കുകയാണ്. ഇമേജുകളുടെ ഈ കാലത്ത് ഒന്നും എഴുതാതെ തന്നെ നിങ്ങളെ എഴുത്തുകാരനാക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് സാധിക്കും. എത്രയോ എഴുത്തുകാരും അത്രതന്നെ വായനക്കാരുണ്ടായിട്ടും ലോകോത്തര സൃഷ്ടികള്‍ ഉണ്ടാകുന്നില്ല എന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി.

ചടങ്ങില്‍ ആഷാമേനോന് പ്രഭാഷണം നടത്തി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍ എന്‍ ജയകൃഷ്ണന് ആമുഖ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ എസ് ജയശ്രീ അധ്യക്ഷയായി. മലയാള വിഭാഗം മേധാവി പി കെ രവി സ്വാഗതവും എം സി അബ്ദുള്‍ നാസര്‍ നന്ദിയും പറഞ്ഞു.

