നിർധന കുടുംബത്തിന് ആശ്വാസമേകി ജനമൈത്രി പൊലീസ്

കൊയിലാണ്ടി: നിർധന കിടപ്പ് രോഗിക്കും കുടുംബത്തിനും ആശ്വാസമേകി ജനമൈത്രി പൊലീസ്. അരിക്കുളം പഞ്ചായത്തിലെ 11-ാം വാർഡ് നടുവിലത്തെ മീത്തൽ കോളനിയിൽ ബാലനും (57) കുടുംബത്തിനുമാണ് കൊയിലാണ്ടി ജനമൈത്രി പൊലീസ് തുണയായത്.
ഏറെ കാലമായി ഹൃദ്രോഗം മൂലം കിടപ്പിലായ ബാലൻ ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനായി ചികിത്സ തുടരുകയാണ്. ഡ്രൈവറായി ജോലി ചെയ്ത് വന്ന ബാലന് അസുഖം മൂർഛിച്ചതോടെ കുടുംബം നിസ്സഹായരായി. ഭാര്യയും ഹൈസ്കൂൾ വിദ്യാർത്ഥിനിയായ മകളുമടങ്ങുന്ന ഈ കൊച്ചു കുടുംബത്തിന്റെ ജീവിതച്ചെലവുകൾ ചോദ്യ ചിഹ്നമായതോടെ ജനമൈത്രി പൊലീസ് വിവരമറിഞ്ഞ് അവസരോചിതമായി ഇടപെടുകയായിരുന്നു.

ബാലന് ചികിത്സക്ക് മരുന്നു വാങ്ങാനുള്ള പണവും നിരാലംബരായ കുടുംബത്തിന് ഒരു മാസത്തേക്കുള്ള 25-കിലൊ അരിയും പലവ്യഞ്ജനങ്ങളും വിദ്യാർത്ഥിനിയായ മകൾ അശ്വതിക്ക് പഠനകാര്യങ്ങൾക്കായി മേശയും കസേരയും സമ്മാനിച്ചാണ് ജനമൈത്രി പൊലീസ് ഈ കുടുംബത്തിന് തുണയായത്.

കൊയിലാണ്ടി സി.ഐ. ഉണ്ണികൃഷ്ണൻ, സബ് ഇൻസ്പക്ടർ റഊഫ്, ബീറ്റ് ഓസീസർമാരായ സുമേഷ്.കെ.പി, രാജേഷ്. സി. സുരേഷ് എന്നിവർ സംബന്ധിച്ചു.

