ബത്തേരിയിലെ കടുവ: വനംവകുപ്പ് അന്വേഷണം തുടങ്ങി

പുല്പള്ളി: സുല്‍ത്താന്‍ബത്തേരി-പുല്പള്ളി റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്കുനേരേ കടുവ പാഞ്ഞടുക്കുന്ന വീഡിയോ ദൃശ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. ശനിയാഴ്ച വൈകുന്നേരമാണ് കടുവയുടെ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. ബന്ദിപ്പുര്‍ വനപാതയിലാണ് സംഭവമുണ്ടായതെന്ന് കന്നഡ മാധ്യമങ്ങളും റിപ്പോര്‍ട്ടുചെയ്തു.
വീഡിയോ വൈറലാവുകയും സംഭവസ്ഥലത്തെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാവുകയും ചെയ്തതോടെയാണ് വനംവകുപ്പ് അന്വേഷണം തുടങ്ങിയത്. പാമ്പ്ര, വട്ടപ്പാടി ഭാഗത്താണ് സംഭവമെന്നു സംശയമുണ്ടെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. വനംവകുപ്പ് വാച്ചര്‍മാരാണ് വീഡിയോ എടുത്തതെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഉദ്യോഗസ്ഥരാണ് വീഡിയോ പുറത്തുവിട്ടതെങ്കില്‍ നടപടിയെടുക്കേണ്ടിവരും.

ബത്തേരി-പുല്പള്ളി റോഡിലാണ് സംഭവം നടന്നതെന്നും അല്ലെന്നുമുള്ള വാദങ്ങളുമായി പ്രദേശവാസികള്‍ ഉള്‍പ്പെടെ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കടുവയുണ്ടെന്നും അങ്ങോട്ടുപോവരുതെന്നും പറഞ്ഞ് സംഭവദിവസം വനംവകുപ്പ് ജീവനക്കാര്‍ തങ്ങളെ തടഞ്ഞിരുന്നുവെന്ന് രണ്ടുവിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. എന്നാല്‍, വീഡിയോ ചര്‍ച്ചയായശേഷം പ്രദേശത്ത് തിരച്ചില്‍ നടക്കുമ്പോഴാവാം ഇതെന്നാണ് മറുവാദം.

കടുവയുടെ സാന്നിധ്യം മനസ്സിലാക്കി ക്യാമറ ഓണ്‍ചെയ്ത്, പ്രദേശത്ത് ചുറ്റിത്തിരിഞ്ഞവരാണ് വീഡിയോ എടുത്തതെന്ന് ആരോപണമുണ്ട്. എന്നാല്‍, യാത്രക്കാരെ പിന്തുടര്‍ന്ന് കടുവ ആക്രമിച്ച സംഭവം ഇതുവരെ എവിടെയുമുണ്ടായിട്ടില്ലെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു. വയനാട്ടില്‍ വനമേഖലകളിലൂടെ കടന്നുപോവുന്ന റോഡുകളില്‍ കടുവകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ റോഡുമുറിച്ചു കടക്കുന്നത് അപൂര്‍വമല്ല. റോഡ് മുറിച്ചുകടക്കുന്ന ദൃശ്യം ഉപയോഗിച്ച്, യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.

