കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ആഗസ്റ്റിൽ കമ്മീഷൻ ചെയ്യും

കൊയിലാണ്ടി:വർഷങ്ങൾ നീണ്ട കാത്തിരുപ്പുകൾക്ക് വിരാമമായി കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ആഗസ്റ്റിൽ കമ്മീഷൻ ചെയ്യും. ഹാർബറിൽ ഡീസൽ ബങ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ തീർക്കുന്നതിനും ഹാർബറിന്റെ അവസാനഘട്ട പ്രവൃത്തികൾ വിലയിരുത്തുന്നതിനുമായി കെ.ദാസൻ എം.എൽ.എ ആവശ്യപ്പെട്ടതു പ്രകാരം ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സികുട്ടി അമ്മയുടെ സാന്നിധ്യത്തിൽ നിയമസഭാ മന്ദിരം ചേംബറിൽ ചേർന്ന യോഗത്തിലാണ് ഹാർബർ കമ്മീഷൻ ചെയ്യുന്ന കാര്യവും ധാരണയായത്.
ഹാർബറിൽ മത്സ്യഫെഡിന് ഡീസൽബങ്ക് സ്ഥാപിക്കാൻ വാർഫ് ഉള്ള അനുയോജ്യമായ സ്ഥലം അനുവദിച്ചു നൽകാനും പ്രസ്തുത സ്ഥലത്ത് മത്സ്യഫെഡിന്റെ നേതൃത്വത്തിൽ എത്രയും വേഗം ബങ്ക് നിർമ്മിക്കാനും മന്ത്രി നിർദ്ദേശം നൽകി. കൂടാതെ ഹാർബർ പരിസരത്തെ കടമുറികളിൽ അനുയോജ്യമായതൊന്നിൽ ഒരു തീരദേശ മാവേലി സ്റ്റോർ ആരംഭിക്കുമെന്നും നടത്തിപ്പിന് സ്ത്രീകൾക്ക് മുൻഗണന നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.

ഹാർബറിന് പുറത്ത് തെക്കുഭാഗത്തേക്ക് റോഡ് നിർമ്മിക്കാനും ഹാർബറിലെ ബാക്കിയുള്ള അവസാനഘട്ട പ്രവൃത്തികൾ ജൂലൈ മാസത്തിൽ തന്നെ ചെയ്തു തീർക്കാനും നിർദ്ദേശം നൽകി. യോഗത്തിൽ മത്സ്യഫെഡ്, ഹാർബർ എഞ്ചിനീയറിംഗ്, തീരദേശ വികസന കോർപ്പറേഷൻ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറിമാർ തുടങ്ങിയവരും പങ്കെടുത്തു.

