എറണാകുളത്ത് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം: കോതമംഗലം പോത്താനിക്കാട് പുളിന്താനത്ത് ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുഴിപ്പള്ളിയില്‍ പ്രസാദ് എന്നയാളെയാണ് ടെറസ്സില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീടിന്റെ തൊട്ടടുത്ത വീട്ടിലെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രസാദിന്റെ സുഹൃത്ത് കാക്കൂച്ചിറ സജീവന്റെ ഉടമസ്ഥതതയില്‍ ഉള്ളതാണ് ഈ വീട്. ഇന്ന് വെളുപ്പിനാണ് ഇയാളുടെ മൃതദേഹം കണ്ടതായി വീട്ടുകാര്‍ അറിയിച്ചത്.
പിടിവലി നടന്നതിന്റെ സൂചനകള്‍ സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. എയര്‍ ഗണ്ണില്‍ നിന്നുമുള്ള വെടിയേറ്റാണ് പ്രസാദ് മരിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഒടിഞ്ഞ നിലയില്‍ എയര്‍ ഗണ്‍ മൃതദേഹത്തിന്റെ അടുത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ തോക്ക് കൊണ്ടുള്ള അടിയേറ്റാണോ പ്രസാദിന്റെ മരണം സംഭവിച്ചതെന്നും പൊലീസ് സംശയിക്കുന്നു.

എന്നാല്‍ നെറ്റിയുടെ മുകളിലുള്ള പാടാണ് വെടിയേറ്റാണ് പ്രസാദ് മരിച്ചതെന്ന സംശയം ഉണ്ടാക്കുന്നത്. മറ്റ് പാടുകളൊന്നും ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ പരിശോധനകള്‍ പൊലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. വെളുപ്പിനെ തന്നെ പ്രസാദ് വീടിന്റെ മുകളില്‍ എന്തിനാണ് എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സജീവന്റെ വീട്ടു ജോലിക്കാരനായിരുന്നു പ്രസാദെന്നും വിവരം ലഭിച്ചിട്ടുണ്ട്.

പ്രസാദും സജീവനും സുഹൃത്തുക്കളുടെ ഒപ്പം വീടിന്റെ മുകളില്‍ ഒത്തുകൂടാറുണ്ടായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല മൃതദേഹത്തിലെ വസ്ത്രങ്ങള്‍ ഭൂരിഭാഗവും മാറ്റിയ രീതിയിലാണ് കാണപ്പെട്ടത്. ഇതും സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

