തിരുവനന്തപുരത്തെ കല്ലട ഓഫീസിലേക്ക് ഡി.വൈ.എഫ്. പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം: കല്ലട ബസില്‍ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരത്തെ കല്ലട ഓഫീസിലേക്ക് ഡി.വൈ.എഫ്.യുടെ പ്രതിഷേധ മാര്‍ച്ച്. കല്ലട ഓഫീസ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
ഓഫീസിന് നേരെയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ചില ബസുകള്‍ക്ക് നേരേയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഓഫീസിന്റെയും ബസുകളുടെയും ചില്ലുകള്‍ തകര്‍ന്നു. പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇപ്പോഴും കല്ലട ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

അതിനിടെ, കല്ലട ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തേഞ്ഞിപ്പാലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. കണ്ണൂരില്‍നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസില്‍ തേഞ്ഞിപ്പാലം കാക്കഞ്ചേരിയില്‍ വച്ചാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബസിലെ രണ്ടാം ഡ്രൈവറായ ജോണ്‍സണ്‍ ജോസഫ് യുവതിയുടെ സീറ്റിനടുത്ത് വന്നിരിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി ബഹളംവച്ചതോടെ സഹയാത്രികള്‍ ഡ്രൈവറെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

