രക്താര്‍ബുദബാധിതനായ അഞ്ചു വയസ്സുകാരന്‍ നാടിനെ കണ്ണീരിലാഴ്ത്തി യാത്രയായി

തൃശൂര്‍: നാലുലക്ഷംപേര്‍ രക്തമൂലകോശം ദാനത്തിന് തയ്യാറായിട്ടും അസ്നാനെ രക്ഷിക്കാനായില്ല. രക്താര്‍ബുദബാധിതനായ ഈ അഞ്ചു വയസ്സുകാരന്‍ നാടിനെ കണ്ണീരിലാഴ്ത്തി യാത്രയായി. തൃശൂര്‍ ജില്ലയിലെ പടിയൂര്‍ ഊളക്കല്‍ വീട്ടില്‍ അക്ബര്‍ — ഷാഹിന ദമ്ബതികളുടെ മകനായ അസ്നാന്‍ ചൊവ്വാഴ്ച ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ‌് മരിച്ചത്.
ഒന്നരവയസ്സിലാണ് അസ്നാന് രക്താര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞത്. തൃശൂര്‍, കൊച്ചി, വെല്ലൂര്‍ എന്നിവിടങ്ങളില്‍ ചികിത്സ നടത്തി. കൊല്‍ക്കത്ത ടാറ്റാ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മാമ്മന്‍ചാണ്ടിയാണ് അസ്നാന്റെ മജ്ജ മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചത്. കുടുംബത്തില്‍ ആരുടെയും ഒത്തുവന്നില്ല. രക്ത മൂലകോശം മാറ്റിവയ്ക്കലായിരുന്നു കുട്ടിയെ രക്ഷിക്കാന്‍ പോംവഴി. പടിയൂര്‍ പൗരസമിതി രൂപീകരിച്ച് ജനങ്ങള്‍ ഒറ്റക്കെട്ടായി കുട്ടിയെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയിരുന്നു. ജനിതക സാമ്യമുള്ള രക്തമൂലകോശത്തിന‌് ദാതാവിനെ കണ്ടെത്താന്‍ പടിയൂരില്‍ നടത്തിയ ആദ്യ ക്യാമ്ബില്‍ത്തന്നെ 1200ലേറെപ്പേരാണ് പങ്കെടുത്തത്.

കേരളത്തിനകത്തും പുറത്തുമായി നൂറിലേറെ ക്യാമ്ബുകള്‍ നടത്തി. നാലുലക്ഷത്തോളംപേര്‍ ദാനത്തിന് തയ്യാറായി. പക്ഷേ, ജനിതകസാമ്യമുള്ളത് ലഭിച്ചില്ല. കുറച്ച് ദിവസങ്ങളായി അസ‌്നാന് അസുഖം മൂര്‍ഛിച്ചു. അവസാന ശ്രമമായി പിതാവ് അക്ബറിന്റെ മൂലകോശം പരീക്ഷണാടിസ്ഥാനത്തില്‍ മാറ്റിവച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ വീട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. കബറടക്കം പടിയൂര്‍ ജുമാ മസ‌്ജിദില്‍ രാവിലെ പത്തിന്. സഹോദരി: അഷ്ന.

രക്തദാനംപോലെതന്നെ എളുപ്പവും സുരക്ഷിതവുമാണ് രക്ത മൂലകോശദാനം. മജ്ജയിലാണ് മൂലകോശങ്ങള്‍ ഉണ്ടാവുക. ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ ലഭിച്ചാല്‍ മാത്രമേ ഇത് മാറ്റിവയ്ക്കാനാവൂ. പതിനായിരത്തില്‍ ഒന്നു മുതല്‍ പത്തുലക്ഷത്തില്‍ ഒന്നുവരെയാണ് പൊരുത്തമുള്ള മൂലകോശം ലഭ്യമാകാനുള്ള സാധ്യത.

