സി ഒ ടി നസീറിനെ ആക്രമിച്ച സംഭവം: അന്വേഷണത്തില്‍ കണ്ടെത്തുന്ന ഒരു പ്രതിയെയും സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദന്

തലശേരി: സി ഒ ടി നസീറിനെ ആക്രമിച്ചതില്‍ സിപിഐ എമ്മുമായി ബന്ധപ്പെട്ട ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന് പറഞ്ഞു. സത്യസന്ധമായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുന്ന ഒരു പ്രതിയെയും സംരക്ഷിക്കില്ല. നസീറിനെ ആക്രമിച്ച സംഭവത്തെ പാര്‍ടി അലപിക്കുകയും പാര്‍ടി നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തതാണ്. പാര്‍ടിക്ക് ഒരു വിധത്തിലും ബന്ധമുള്ള സംഭവമല്ലിത്. തലശേരി പഴയ ബസ്സ്റ്റാന്‍ഡില്‍ സിപിഐ എം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്രമവും കൊലപാതകം നടത്തി ഏതെങ്കിലും പാര്‍ടിയെ തകര്ക്കാനാവുമെങ്കില് ആദ്യം തകരേണ്ടത് സിപിഐ എമ്മാണ്. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ്സും ബിജെപിയും കോണ്‍ഗ്രസും എത്രയെത്ര സഖാക്കളെയാണ് കൊലപ്പെടുത്തിയത്. അക്രമവും കൊലപാതകവും നടത്തിയ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും പിന്നോട്ടുപോയത് കണ്ണൂര്‍ ജില്ലയുടെ ഭാഗമായ മണ്ഡലങ്ങളിലാണ്. ആര്എസ്എസ്സിന്റേതടക്കമുള്ള ഏകപക്ഷീയമായ കടന്നാക്രമണങ്ങളെ ജനങ്ങളെ അണിനിരത്തിയാണ് സിപിഐ എം പ്രതിരോധിച്ചത്. എന്നാല്‍, ഒരാളെയും പാര്‍ടി കടന്നാക്രമിച്ചുകൂടാ. അങ്ങനെ ആരെങ്കിലും തുനിഞ്ഞാല്‍ അവര്‍ക്ക് പാര്‍ടിയില്‍ സ്ഥാനമുണ്ടാവില്ല.

ഏത് പ്രശ്നത്തിലും സിപിഐ എം നേതൃത്വത്തെ കടന്നാക്രമിക്കുന്ന പ്രവണതയാണ് കാണുന്നത്. മകനെതിരായ കേസിന്റെ മറവില്‍ കോടിയേരിയെ കടന്നാക്രമിക്കാനാണ് ഇപ്പോള്‍ നോക്കുന്നത്. മകന്റെ കേസിന്റെപേരില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയെ കടന്നാക്രമിക്കാന്‍ വന്നാല്‍ നേരിടും. തലശേരിയില്‍ എ എന്‍ ഷംസീറിനെതിരെയാണ് കടന്നാക്രമണം. ഇതൊന്നും അംഗീകരിക്കാനാവില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.

