കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിലെ ഹാജര്‍ മുടക്കരുത്- മുല്ലപ്പള്ളി രാമചന്ദ്രന്

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംപിമാര്‍ക്ക് ചരിത്രപരമായ ദൗത്യമാണ് നിര്‍വഹിക്കാനുള്ളതെന്നും യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് യോഗങ്ങളില്‍ മുടങ്ങാതെ എത്തണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ലമെന്റിലെ കോണ്‍ഗ്രസ് അംഗങ്ങളില്‍ ഏറ്റവും ശക്തമായ വിഭാഗം കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ സുപ്രധാനമായ നടപടിക്രമങ്ങളിലേക്ക് പാര്‍ലമെന്റ് കടക്കുകയാണ്. ബജറ്റ് അവതരണം ഉള്‍പ്പെടെയുള്ളവ നടക്കുന്നതിനാല്‍ ഈ സമ്മേളനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സമ്മേളനത്തില്‍ ഉടനീളം എംപിമാര്‍ പങ്കെടുക്കണം. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് അവര്‍ സ്വന്തം മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കരുത്.പാര്‍ലമെന്റിലെ ഹാജര്‍ കോണ്‍ഗ്രസ് ഗൗരവമായി കണക്കാക്കും. അതോടൊപ്പം തന്നെ അതാത് മണ്ഡലങ്ങളിലെ പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണം- മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.

സമ്മേളനം നടക്കുന്ന സമയങ്ങളില്‍ ഒരുദിവസം പോലും ലോക്സഭയിലെ ഹാജര്‍ മുടക്കാത്ത ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഇതേ മാതൃക എല്ലാ അംഗങ്ങളും പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്നു. കേന്ദ്രസര്‍ക്കാരിനെ തുറന്ന് കാട്ടാന്‍ പാര്‍ലമെന്റ് നടപടികളില്‍ എല്ലാ അംഗങ്ങളും സജീവമായി പങ്കാളികളാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി.

