വിതുര പെണ്‍വാണിഭ കേസ്: ഒന്നാം പ്രതി സുരേഷ് 23 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

കൊച്ചി: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിടിയില്‍. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇരുപതോളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
1996-ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേസെടുത്തതിനെ തുടര്‍ന്ന് അന്ന് ഒളിവില്‍ പോയ സുരേഷ് 18 വര്‍ഷത്തിന് ശേഷം 2014-ല്‍ കോടതിയില്‍ കീഴടങ്ങി. ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ സുരേഷ് വീണ്ടും ഒളിവില്‍ പോകുകയായിരുന്നു.

എസ്.പി.മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള എണറണാകുളം ക്രൈംബ്രാഞ്ച് സംഘമാണ് ഇപ്പോള്‍ ഇയാളെ ഹൈദരാബാദില്‍ വെച്ച് പിടികൂടിയത്.

കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് സുരേഷ്. കേസില്‍ പെണ്‍കുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് വീണ്ടും ഒളിവില്‍ പോയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് സുരേഷിനെതിരായ കേസ്.

