എഎന്‍-32 വിമാനം തകര്‍ന്ന നിലയില്‍!! വിമാനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

ഗുവാഹട്ടി: എട്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ എഎന്‍-32 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ വ്യോമസേന അധികൃതര്‍ കണ്ടെത്തി. എന്നാല്‍ വിമാനം തകര്‍ന്ന വീണ സ്ഥലത്ത് എത്തിച്ചേരാന്‍ കഴിയാതെ കുഴങ്ങുകയാണ് അധികൃതര്‍. അരുണാചല്‍ പ്രദേശിലെ ലിപ്പോയില്‍ വടക്ക് 16 കിമി അകലെയാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നിബിഡ വനത്തിനുള്ളിലാണ് വിമാനം തകര്‍ന്ന് വീണിരിക്കുന്നത്. മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്കരമായി ബാധിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്.
ഇതുവരെ അധികൃതര്‍ക്ക് സ്ഥലത്ത് ഇറങ്ങാന്‍ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളെ ആകാശമാര്‍ഗം എത്തിക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും പൂര്‍ണമായി വിജയിച്ചിട്ടില്ല. അതേസമയം ഗ്രൗണ്ട് സ്റ്റാഫുകള്‍ ഉള്‍പ്പെടുന്ന സംഘവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ വനത്തിനുള്ളിലൂടെ വിമാനം തകര്‍ന്ന് വീണ സ്ഥലത്ത് എത്തിച്ചേരണമെങ്കില്‍ 24 മണിക്കൂറെങ്കിലും വേണ്ടി വരും.

ഹെലികോപ്റ്ററുകള്‍ക്ക് ലാന്‍റ് ചെയ്യാന്‍ സാധ്യമായ സമീപത്തെ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നും വ്യോമസേന അധികൃതര്‍ അറിയിച്ചു. പ്രാദേശിക സംഘങ്ങളും വ്യോമസേന അധികൃതരും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തും.കനത്ത മേഘങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെന്നും വ്യോമസേന അധികൃതര്‍ വ്യക്തമാക്കി.

ചൈനാ അതിര്‍ത്തിക്ക് സമീപത്ത് അരുണാചല്‍ പ്രദേശില്‍ വെച്ചാണ് വ്യോമസേനയുടെ എഎന്‍ 32 എന്ന വിമാനം അപ്രത്യക്ഷമായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മെച്ചുക വാലിയിലേക്ക് പുറപ്പെട്ട വിമാനം 35 മിനിറ്റിന് ശേഷം ഏകദേശം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാണാതായത്. അഞ്ച് യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

