കാര്‍ബൈഡ് വച്ച് പഴുപ്പിച്ച 2500 കിലോ മാമ്പഴങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു

മറയൂര്‍: അതിര്‍ത്തി പട്ടണങ്ങളായ തമിഴ്നാട്ടിലെ പഴനി, ദിണ്ഡുഗല്‍ മേഖലയില്‍നിന്ന് കാര്‍ബൈഡ് വച്ച് പഴുപ്പിച്ച 2500 കിലോ മാമ്പഴങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. കേരള വിപണികളിലേക്ക് കയറ്റി അയയ‌്ക്കാനായി ഒരുക്കിവച്ച മാമ്പഴങ്ങളാണ് ദിണ്ഡുഗല്ലില്‍ പിടികൂടിയത്. ദിണ്ഡുഗല്‍, പഴനി, ആയക്കുടി, ബാലസമുദ്രം, കൊടൈക്കനാല്‍ റോഡ്, അമരാവതി, കല്ലാപുരം എന്നീ മേഖലകളില്‍ വന്‍ തോതില്‍ മാവ‌് കൃഷിയുണ്ട‌്.
മാമ്പഴത്തിന്റെ സീസണായതിനാല്‍ വിളവെടുക്കുന്ന ടണ്‍ കണക്കിന‌് മാങ്ങകളാണ‌് മാര്‍ക്കറ്റിലെത്തുന്നത്. ഇവയാണ് രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിക്കുന്നത്. ദിണ്ഡുഗല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫീസര്‍ നടരാജന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ വിവിധ ഭാഗങ്ങളില്‍നിന്നായി 2500 കിലോ കാര്‍ബൈഡ് വച്ച് പഴുപ്പിച്ച മാമ്പഴങ്ങര്‍ പിടിച്ചെടുത്തു നശിപ്പിച്ചു.

പ്രകൃതിദത്തമായി പഴുക്കുന്ന മാമ്പഴങ്ങളെക്കാള്‍ എത്തലീന്‍ പൗഡറും കാര്‍ബൈഡും ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങളാണ് വിപണിയില്‍ കൂടുതലായി എത്തുന്നത‌്. രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങള്‍ കഴിച്ചാല്‍ ശാരീരികമായ അസ്വസ്ഥത ഉണ്ടാകുമെന്ന‌് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പറയുന്നു. റംസാന്‍ കാലമായതിനാല്‍ പഴവര്‍ഗങ്ങള്‍ക്ക‌് ആവശ്യം ഏറിയ സാഹചര്യത്തിലാണ് രാസവസ്തു ഉപയോഗിച്ച് മാങ്ങ പഴുപ്പിച്ച് വിറ്റഴിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ഇത്തരം പ്രവൃത്തി ചെയ്യുന്ന സ്ഥാപനങ്ങളും ഗോഡൗണുകളും അടച്ചുപൂട്ടുമെന്നും അധികൃതര്‍ അറിയിച്ചു.

