KOYILANDY DIARY.COM

The Perfect News Portal

തൊഴില്‍ തട്ടിപ്പ് നടത്തിയതിന് യുവതിക്കെതിരെ പൊലീസ് കേസെടുത്തു

തൊഴില്‍ തട്ടിപ്പ് നടത്തിയതിന് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. വി എസ് ശിവകുമാര്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന വാസുദേവന്‍നായരുടെ മകള്‍ ഇന്ദുജ നായര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

ആധാര്‍ സേവനകേന്ദ്രങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയശേഷം ഇവര്‍ മുങ്ങിയെന്നാണ് പരാതി. പട്ടം പ്ലാമൂട് മരപ്പാലത്തെ ഓഫീസിലടക്കം പൊലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ മുങ്ങിയതായി കണ്ടെത്തി. മ്യൂസിയം ക്രൈം എസ്‌ഐ പുഷ്പകുമാറിനാണ് അന്വേഷണച്ചുമതല.

പണം നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇരുപത്തഞ്ചോളം ഉദ്യോഗാര്‍ഥികളില്‍നിന്ന് അഞ്ചു ലക്ഷം രൂപവരെ വാങ്ങിയെന്നാണ് പരാതി.

Advertisements

ആധാര്‍ സേവനകേന്ദ്രങ്ങളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ആദ്യ മൂന്നു മാസങ്ങളില്‍ ശമ്ബളമില്ലെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ മുപ്പതിനായിരം മുതല്‍ അമ്ബതിനായിരം രൂപവരെ ശമ്ബളം നല്‍കാമെന്നുമായിരുന്നു ഉറപ്പ്.

ഇതിനായി രണ്ടു ലക്ഷംമുതല്‍ അഞ്ചു ലക്ഷംവരെ ഉദ്യോഗാര്‍ഥികളില്‍നിന്ന് വാങ്ങി. ഓണ്‍ലൈന്‍ പരീക്ഷ എഴുതിയവര്‍ക്ക് വ്യാജ നിയമനക്കത്തും കൈമാറി.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ വ്യാജ ലെറ്റര്‍ പാഡിലാണ് നിയമന ഉത്തരവ് നല്‍കിയതെന്നും പരാതിയിലുണ്ട്.

ഉദ്യോഗാര്‍ഥികള്‍ പണം തിരികെ ആവശ്യപ്പെട്ടതോടെ ഇന്ദുജ ഒളിവില്‍ പോയി. ഓഫീസും പൂട്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണപരമായ സ്വാധീനം തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *