KOYILANDY DIARY.COM

The Perfect News Portal

സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ചികിത്സ ലഭിച്ചത് 1216 കുട്ടികള്‍ക്ക്

തിരുവനന്തപുരം: കുരുന്നു ഹൃദയങ്ങളുടെ കരുതലിനായി സംസ്ഥാന സര്‍ക്കാര്‍ 2017 ല്‍ ആരംഭിച്ച ഹൃദ്യം പദ്ധതിയില്‍ രണ്ടു വര്‍ഷത്തിനകം സൗജന്യ ചികിത്സ ലഭിച്ചത് 1216 കുട്ടികള്‍ക്ക്. ജനിച്ച സമയം മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് ഹൃദയസംബന്ധമായി ഉണ്ടാകുന്ന ഏതൊരു അസുഖത്തിനും ശസ്ത്രക്രിയയ്ക്കും എത്ര വലിയ തുകയായാലും അത് മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതിയില്‍ 25 കോടിയിലേറെ രൂപയാണ് വര്‍ഷം സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 2019 ല്‍ മാത്രം ഇതുവരെ 1070 കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയില്‍ ചികിത്സ എവിടെയായാലും സര്‍ക്കാര്‍ പണം അടയ്ക്കും. പദ്ധതിയില്‍ ചികിത്സ ആവശ്യമുള്ള കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ചികിത്സ മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പദ്ധതിക്ക് 2017 സെപ്തമ്ബറില്‍ കോഴിക്കോട് വച്ചാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ തുടക്കം കുറിച്ചത്.

രാജ്യത്ത് ആദ്യമായാണ് വെബ് രജിസ്ട്രേഷനുപയോഗിച്ച്‌ സൗജന്യ ഹൃദയ ശസ്ത്രക്രിയാ സംവിധാനം നടത്തുന്നതെന്ന പ്രത്യേകതയും ഹൃദ്യം പദ്ധതിക്കുണ്ട്. ദേശീയ തലത്തില്‍ തന്നെ കേരളത്തെ ശ്രദ്ധേയമാക്കിയ പദ്ധതിയാണിതെന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ശ്രീഹരി പറഞ്ഞു.

Advertisements

വര്‍ഷം രണ്ടായിരത്തോളം കുട്ടികളാണ് ഹൃദയ സംബന്ധമായ അസുഖവുമായി ജനിക്കുന്നത്. ഇവരുടെ ചികിത്സാ ചെലവ് മിക്ക കുടുംബത്തിനും താങ്ങാനാവുന്നതല്ല. ചികിത്സാ സഹായ പദ്ധതികളില്‍നിന്ന് പലപ്പോഴും നാമമാത്ര തുക മാത്രമാണ് ലഭ്യമാകുന്നത്. ഇത് പലപ്പോഴും സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയ്ക്ക് മാത്രമേ ലഭ്യമാകൂ. സ്വകാര്യ ആശുപത്രികളിലടക്കം കേരളത്തില്‍ ഏഴിടത്താണ് ഹൃദയ ശസ്ത്രക്രിയ സംവിധാനമുള്ളത്. എല്ലായിടത്തുംകുടി ദിവസം 11 ശസ്ത്രക്രിയയേ സാധ്യമാകൂ. അതിനാലാണ് കുട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തുകയും അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് അത് എവിടെയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ജാഗ്രതപുലര്‍ത്തുകയും ചെയ്തത്.

കഴിഞ്ഞ ദിവസം ശ്രീചിത്രയിലേക്ക് കൊണ്ടുവന്ന 15 ദിവസം പ്രായമായ കുഞ്ഞിനെ അമൃതയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ അനേകം പദ്ധതികളില്‍ ഒന്നായ ഹൃദ്യം പദ്ധതികൊണ്ടുമാത്രമാണ്. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറിനകം ശസ്ത്രക്രിയയ്ക്ക് ഒഴിവുള്ള ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ച്‌ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് കേരളത്തിലെ മുഴുവന്‍ ഹൃദ്രോഗ വിദഗ്ധരുടെയും പിന്തുണ സര്‍ക്കാരിനുണ്ട്.

 

Share news

Leave a Reply

Your email address will not be published. Required fields are marked *