ശ്രിലങ്കയില്‍ മുസ്ലീങ്ങള്‍ക്കു നേരെ ആക്രമണം

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രിലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയിലും ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം മുസ്ളീം വിഭാഗങ്ങള്‍ക്കെതിരെ രാജ്യത്ത് വ്യാപക ആക്രമണം. മുസ്ലീം വിഭാഗത്തിലെ ആളുകളുടെ ഷോപ്പുകള്‍ തിരഞ്ഞുപിടിച്ച് അടിച്ചു തകര്‍ത്ത ഒരു കൂട്ടം ആക്രമകാരികള്‍ വാഹനങ്ങളും നശിപ്പിച്ചു.
നെഗംബോയിലെ പൊറുട്ടോട്ട വില്ലേജില്‍ കഴിഞ്ഞ ദിവസം ഒരു മുസ്ലീം ഓട്ടോറിക്ഷ ഡ്രൈവറും കത്തോലിക്ക വിഭാഗവും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓട്ടോറിക്ഷ പരിശോധിക്കണമെന്ന് കത്തോലിക്ക വിഭാഗത്തില്‍പ്പെടുന്ന ചിലര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.പ്രദേശത്ത് ഇപ്പോഴും ചെറിയതോതില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

മതവിഭാഗങ്ങളല്ല പകരം മദ്യപാനികളുടെ രണ്ടു ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് കലാപം അഴിച്ചു വിട്ടതെന്ന് ശ്രീലങ്കന്‍ പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര വ്യക്തമാക്കി. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷങ്ങള്‍ക്ക് കാരണം മദ്യപാനമാണെന്നും പ്രദേശത്തെ മദ്യ ഷോപ്പുകള്‍ അടച്ചു പൂട്ടണമെന്നും കൊളംബോയിലെ കാത്തോലിക്ക ബിഷപ്പ് ആവശ്യപ്പെട്ടു. ഞായറാഴ്ച നടന്ന ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് നഷ്ടപരിഹാരം ഗവണ്മെന്റ് നല്‍കുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിഗെയും വ്യക്തമാക്കി. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനങ്ങള്‍ക്ക് ശേഷം രാജ്യത്തുണ്ടായ സംഘര്‍ഷാവസ്ഥ ഇപ്പോഴും നിലനില്‍ക്കുകയാണ്.

