KOYILANDY DIARY

The Perfect News Portal

സെര്‍ബിയന്‍ പ്രതിരോധ മന്ത്രിയെ പുറത്താക്കി

മാദ്ധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ സെര്‍ബിയന്‍ പ്രതിരോധ മന്ത്രി ബ്രാറ്റിസ്ലാവ് ഗാസിക്കിനെ  മന്ത്രിപദവിയില്‍ നിന്നും നീക്കം ചെയ്തു.  ഗാസിക്കിന് ഇനി പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രധാനമന്ത്രി അലക്‌സാണ്ടര്‍ വുസിക് വ്യക്തമാക്കിക്കഴിഞ്ഞു. അശ്ലീല പ്രസ്താവനയ്‌ക്കെതിരെ രാജ്യത്ത് പ്രതിഷേധം പുകയുകയാണ്.

ഞായറാഴ്ച ഒരു ഫാക്ടറി സന്ദര്‍ശിക്കുന്നതിനിടെ ബി92 എന്ന ചാനലിലെ വനിതാ റിപ്പോര്‍ട്ടറായ സ്ലാറ്റിഷാ ലബോവികിന് നേരെയായിരുന്നു മന്ത്രിയുടെ അശ്ലീല പരാമര്‍ശമുണ്ടായത്. ചാനല്‍ ക്യാമറകള്‍ക്ക് തടസം സൃഷ്ടിക്കാതിരിക്കാന്‍ ലബോവിക്ക് ഗാനിക്കിനു മുന്നില്‍ മുട്ടില്‍ ഇരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ദ്വയാര്‍ത്ഥ പ്രയോഗത്തിലുളള അശ്ലീല പരാമര്‍ശം. ഇത്ര വേഗം മുട്ടിലിരിക്കുന്ന വനിതാ പത്രപ്രവര്‍ത്തകരെ തനിക്ക് വലിയ ഇഷ്ടമാണെന്ന ഗാസിക്കിന്റെ പരാമര്‍ശമാണ് പ്രശ്‌നമായത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് മന്ത്രി പരസ്യമായി മാപ്പ് അപേക്ഷിച്ചെങ്കിലും രക്ഷയുണ്ടായില്ല. മാധ്യമങ്ങളും പ്രതിപക്ഷവും ഭരണകക്ഷിയിലെ പ്രമുഖരും ഗാസിക്കിന്റെ രാജിയ്ക്കായി ശക്തമായി രംഗത്തെത്തിയിരന്നു. മാപ്പപേക്ഷിച്ചതുകൊണ്ട് മാത്രം ന്യായീകരിക്കാനാവുന്നതല്ല ഗാസിക്കിന്റെ പ്രവൃത്തിയെന്നും പ്രധാനമന്ത്രി വുസിക് വ്യക്തമാക്കി.

Advertisements

മന്ത്രിയുടെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കാന്‍ സെര്‍ബിയന്‍ സ്വതന്ത്രമാധ്യമ സംഘടന ആഹ്വാനം ചെയ്തിരുന്നു. അശ്ലീല പ്രസ്താവനയ്‌ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയെ പുറത്താക്കുകയായിരുന്നു.