കടക്കെണിയിലായ ദമ്പതികള്‍ ജീവനൊടുക്കി

കോട്ടയം: ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നത് ഹരമാക്കിയ ദമ്പതികള്‍ ദിവസവും വാങ്ങിക്കൂട്ടുന്നത് ആയിരക്കണക്കിന് ലോട്ടറികള്‍. എന്നാല്‍ വാങ്ങുന്ന ഒരു ടിക്കറ്റില്‍ പോലും ഇതുവരെ ഭാഗ്യം കടാക്ഷിച്ചില്ല. ഒടുവില്‍ കടക്കെണിയിലായ ദമ്പതികള്‍ ജീവനൊടുക്കി.
കൊങ്ങാണ്ടൂര്‍ വിഷ്ണുഭവനത്തില്‍ വിഷ്ണുകുമാര്‍(35), ഭാര്യ രമ്യമോള്‍(30) എന്നിവരാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ദമ്പതികളുടെ മൃതദേഹം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. അയര്‍ക്കുന്നം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ദമ്പതികള്‍ക്ക് കുട്ടികളില്ല. തിരുവഞ്ചൂര്‍ സ്വദേശിയായ വിഷ്ണു കുമാര്‍ കൊങ്ങാണ്ടൂര്‍ പാറേല്വളവ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്. ദിവസവും കെട്ടുകണക്കിന് ലോട്ടറി ടിക്കറ്റുകളാണ് വിഷ്ണു വാങ്ങി കൂട്ടുന്നത്.

നിരന്തരം ലോട്ടറി വാങ്ങുന്നതിനാല്‍ വന്‍ സാമ്ബത്തിക ബാധ്യതയാണ് ദമ്പതികള്‍ക്ക് ഉണ്ടായത്. ഇതാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. രമ്യയുടെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രമ്യയുടെ പിതാവ് രാജപ്പന് നായര്‍ വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് ദമ്ബതികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

