“മോദി അണ്ണാക്കിലേക്ക് പതിനഞ്ച് ലക്ഷം തള്ളിത്തരും എന്ന് കരുതിയോ”; സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമാകുന്നു

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമാകുന്നു. ഇന്ത്യയിലെ ജനങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം ഇടുമെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിക്കവെയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും സുരേഷ് ഗോപിക്ക് ഒപ്പം വേദിയില്‍ ഉണ്ടായിരുന്നു.
സുരേഷ് ഗോപിയുടെ വാക്കുകള്‍

“പതിനഞ്ച് ലക്ഷം ഇപ്പോള്‍ വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയണ്ട. ഇംഗ്ലീഷ് അറിയാത്തവര്‍ ആരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്. ഹിന്ദി അറിയാത്തവരാണ് ഇവിടെ ഉള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ചത് മനസിലാക്കണം. എന്താണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണ സംഭരണ കേന്ദ്രങ്ങള്‍, സ്വിസ് ബാങ്ക് ഉള്‍പ്പടെയുള്ളവ.

അതിന് അവിടുത്തെ നിയമാവലി ഉണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ നിയമവും കൊണ്ട് അങ്ങോട്ട് ചെല്ലാന്‍ സാധിക്കില്ല. അവിടെ കഴിഞ്ഞ 10-50 വര്‍ഷമായി, അങ്ങനെ പറയുമ്ബോള്‍ ഏതൊക്കെ മഹാന്മാരാണ്. നമ്മുടെ ഇവിടെ റോസാപ്പൂവെച്ച മഹാനടക്കം പെടും ആ പട്ടികയില്‍.

അവിടെ കൂമ്ബാരം കൂട്ടിയ പണം കൊണ്ടുവന്നാല്‍ ഇന്ത്യന്‍ പൗരന്റെ ഓരോരുത്തരുടെയും പേരില്‍ 15 ലക്ഷം രൂപവീതം പങ്കുവച്ച് നല്‍കാനുള്ള പണമുണ്ടത്. എന്നാല്‍ ഇങ്ങനെ പറഞ്ഞതിന് മോദി ഇപ്പോള്‍ തന്നെ ആ കറവ പശുവിന്റെ നടുവിലേക്ക് തണുത്ത വെള്ളം കോരി ഒഴിച്ച് ചുരത്തി കറന്ന് അങ്ങ് ഒഴുക്കി അണ്ണാക്കിലേക്ക് കൊണ്ട് തള്ളിതരും എന്നാണോ അതിന്റെ അര്‍ത്ഥം. ഇത് ഈ ഭാഷയിലെ സംസാരിക്കാന്‍ പറ്റൂ. ഊള എന്ന് വിളിക്കേണ്ടവനേ ഊള എന്നേ വിളിക്കാന്‍ പറ്റൂ” എന്നതായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.
