7 വയസുകാരിയെ കഴുത്തുഞെരിച്ചു കൊന്ന് മൃതദേഹം ഇടവഴിയില്‍ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍

കോയമ്പത്തൂര്‍: ഏഴു വയസുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കഴുത്തുഞെരിച്ചു കൊന്ന് മൃതദേഹം ഇടവഴിയില്‍ ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൊണ്ടാമുത്തൂരിനു സമീപം ഉളിയംപാളയത്തെ ഇന്റീരിയര്‍ ഡെക്കറേറ്റര്‍ സന്തോഷ്കുമാര്‍ (34) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് പോലീസ് സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിയെ കാണാതാവുകയും, പിറ്റേന്നു രാവിലെ വീടിനു സമീപത്തെ ഇടവഴിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീടിനു സമീപം താമസിക്കുന്ന മുത്തശ്ശിയെ കാണാന്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന സന്തോഷ്കുമാറിനെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ ആദ്യം കുറ്റം നിഷേധിച്ച സന്തോഷ് കുമാര്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

അഞ്ചു വര്‍ഷം മുന്‍പു വിവാഹിതനായ സന്തോഷ് കുമാറിന്റെ ഭാര്യ ഒരുമാസം മുമ്പാണ് ഇയാളെ ഉപേക്ഷിച്ച് പോയത്. മുത്തശ്ശിയെ കാണാനെത്തിയപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. പലപ്പോഴും കുട്ടിക്ക് മിഠായിയും മറ്റും വാങ്ങിക്കൊടുത്തിരുന്ന സന്തോഷ് കുമാര്‍ ആറു മാസത്തിനിടെ രണ്ടു തവണ കുട്ടിയെ മാനഭംഗപ്പെടുത്തിയതായി പോലീസിനോട് പറഞ്ഞു.

ഇതിനിടെ രണ്ടുമാസം മുമ്ബ് 70കാരിയായ മുത്തശ്ശി മരിച്ചു. തുടര്‍ന്ന് ഇടയ്ക്കിടെ ഇയാള്‍ അവിടെ വന്ന് താമസിക്കാറുണ്ടായിരുന്നു. ഇതിനിടെ മാര്‍ച്ച് 25ന് വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി വീഴുകയും ഇതുകണ്ട സന്തോഷ് കുമാര്‍ ഓടിച്ചെന്ന് കുട്ടിയേയുമെടുത്ത് മുത്തശ്ശിയുടെ വീട്ടിലെത്തുകയും അവിടെ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ കുട്ടി ഉറക്കെ കരഞ്ഞപ്പോള്‍ പുറത്തറിയുമെന്നു ഭയന്ന് കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഇടവഴിയില്‍ ഉപേക്ഷിച്ചുവെന്നും പോലീസ് പറയുന്നു.

