KOYILANDY DIARY.COM

The Perfect News Portal

ചെര്‍പ്പുളശ്ശേരി വ്യാജ വാര്‍ത്ത; ജനം ടിവിക്കും മനോരമയ്‌ക്കും ഡിവൈഎഫ്‌ഐ വക്കീല്‍ നോട്ടീസ്‌ അയച്ചു

പാലക്കാട‌്: മങ്കരയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ഡിവൈഎഫ‌്‌ഐയെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത നല്‍കിയ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ഡിവൈഎഫ‌്‌ഐ ജില്ലാ സെക്രട്ടറി കെ പ്രേംകുമാര്‍ വക്കീല്‍ നോട്ടീസ‌് അയച്ചു. കേസിലെ പ്രതി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന് നിരന്തരം വാര്‍ത്തനല്‍കുകയും ചെര്‍പ്പുളശേരിയിലെ സിപിഐ എം ഓഫീസിനെ സംഭവത്തില്‍ ബന്ധപ്പെടുത്തുകയും ചെയ‌്തതിനാണ് വക്കീല്‍ നോട്ടീസ‌്. ജനം മള്‍ടി മീഡിയ മാനേജിങ‌് ഡയറക്ടര്‍, ജനം ടി വി ന്യൂസ‌് ഡയറക്ടര്‍, ജനം ടി വി റിപ്പോര്‍ട്ടര്‍, മലയാള മനോരമ ചീഫ‌് എഡിറ്റര്‍, പ്രിന്റര്‍, പാലക്കാട് യൂണിറ്റ‌് ബ്യൂറോ ചീഫ‌്, റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കാണ‌് നോട്ടീസ‌് അയച്ചത‌്.

ഏഴ‌് ദിവസത്തിനകം വാര്‍ത്ത പ്രസിദ്ധീകരിച്ച അതേ പ്രാധാന്യത്തില്‍ നിരുപാധികം മാപ്പ‌് പറയണമെന്നും പത്ത‌് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ‌് ഒറ്റപ്പാലത്തെ അഭിഭാഷകന്‍ കെ ഹരിദാസ‌് മുഖേന നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടത്‌. മാര്‍ച്ച‌് 21, 22, 23, 24 തീയതികളില്‍ തുടര്‍ച്ചയായി വാര്‍ത്ത പ്രസിദ്ധീകരിച്ച‌് ഡിവൈഎഫ‌്‌ഐയെ സമൂഹത്തില്‍ അവമതിപ്പുണ്ടാക്കാന്‍ ശ്രമിച്ചു. ഡിവൈഎഫ‌്‌ഐയുമായി ഒരു ബന്ധവുമില്ലാത്തയാളെ സജീവ പ്രവര്‍ത്തകനെന്നും നേതാവെന്നും പറഞ്ഞാണ‌് വാര്‍ത്ത നല്‍കിയത‌്. മങ്കരയില്‍ യുവതി കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ചെര്‍പ്പുളശേരി സിപിഐ എം ഓഫീസില്‍ വച്ചാണ‌് പീഡനമെന്ന‌് പറഞ്ഞാണ‌് വാര്‍ത്ത പ്രസിദ്ധീകരിച്ചത‌്. യുവാവ‌് ഡിവൈഎഫ‌്‌ഐയുടെ പ്രാഥമിക അംഗമല്ലെന്നും അനുഭാവിപോലുമല്ലെന്നും വ്യക്തമായിട്ടും നിരന്തരം വാര്‍ത്ത നല്‍കി.

സിപിഐ എം ഓഫീസില്‍ പോയിട്ടില്ലെന്ന‌് യുവാവ‌് പൊലീസിലും സമൂഹമധ്യത്തിലും പറഞ്ഞിട്ടും പാര്‍ടി ഓഫീസുമായി ബന്ധപ്പെടുത്തി വാര്‍ത്ത തുടര്‍ന്നു. നിരവധി പേര്‍ വന്നുപോകുന്ന പാര്‍ടി ഓഫീസില്‍ ഇങ്ങനെ ഒരു സംഭവം നടക്കാന്‍ ഒരുസാഹചര്യവുമില്ലെന്ന‌് എരിയ സെക്രട്ടറി മാധ്യമങ്ങളോട‌് പറഞ്ഞിട്ടും തിരുത്താന്‍ തയ്യാറായില്ല. ജില്ലയില്‍ 4,31,551 അംഗങ്ങളുള്ള ഡിവൈഎഫ‌്‌ഐ സമൂഹത്തില്‍ ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ‌്. ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ നിരവധി സ്ഥാനാര്‍ഥികള്‍ ഡിവൈഎഫ‌്‌ഐ നേതാക്കളും മുന്‍നേതാക്കളുമുണ്ട‌്. അവരെയെല്ലാം സമൂഹത്തില്‍ അവമതിപ്പുണ്ടാക്കാനുള്ള ഗൂഢാലോചനയും വാര്‍ത്തക്കു പിന്നിലുണ്ടെന്ന‌് നോട്ടീസില്‍ പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *