വീട്ടുപരിസരത്ത് ബോംബ് സ്ഫോടനം: ആര്‍എസ്എസ് നേതാവിനെ തേടി പോലീസ്
ആലക്കോട്: നടുവില്‍ കിഴക്കേകവലയില്‍ വീട്ടുപരിസരത്ത് ബോംബ് സ്ഫോടനമുണ്ടായ സംഭവത്തില്‍ ആര്‍എസ്എസ് തളിപ്പറന്പ് താലൂക്ക് കാര്യവാഹക് ഷിബു മുതിരമല ഒളിവില്‍. പ്രതിയെ പിടികൂടാനായി പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
ശനിയാഴ്ച ഉച്ചയോടെയാണ് ഷിബുവിന്റെ വീട്ടുപരിസരത്ത് സ്ഫോടനമുണ്ടായത്. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ ബോംബില്‍ കയറി ചവിട്ടുകയായിരുന്നു. സംഭവത്തില്‍ ഷിബുവിന്റെ മകന് ഗോകുല്‍, കൂട്ടുകാരന് ഗജന്രാജ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ആയുധശേഖരവും ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന 2,350 ഗ്രാം അലുമിനിയം പൗഡര്‍, 75 ഗ്രാം ഗണ്‍ പൗഡര്‍ തുടങ്ങിയവയും കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് നടന്ന സ്ഫോടനവും ആയുധശേഖരം കണ്ടെത്തിയതും പോലീസ് അതീവ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബോംബ് നിര്‍മാണമെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. കുടിയാന്മല എസ്ഐ പി. പ്രമോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

