ബ്രോ.. ലൈസന്‍സ് കിട്ടി, അല്ല പോയി’; ഫോണിലൂടെ സംസാരിച്ച് വാഹനമോടിച്ചവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

തൃക്കാക്കര: ഡ്രൈവിങ് ലൈസന്‍സ് കിട്ടിയ സന്തോഷം, വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ഫോണിലൂടെ സുഹൃത്തുക്കളോട് പങ്കുവച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. അടിച്ചുമോനേ ലൈസന്‍സ് എന്ന ഭാവത്തില്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ച് പൂസായി വാഹനമോടിച്ച് കുടുങ്ങിയവരും കുറവല്ല. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഗതാഗതവകുപ്പ് നടത്തിയ സര്‍വേയിലാണ് ഈ ന്യൂജനറേഷന് ‘ലൈസന്‍സ്’ കഥകള്‍ പുറത്തുവന്നത്.
നിരത്തില്‍ ഗതാഗതനിയമം ലംഘിച്ചതിന് 12,000 ഡ്രൈവര്‍മാരെയാണ് 2018ല്‍ മോട്ടോര്‍വാഹനവകുപ്പ് ബോധവല്ക്കരിച്ചത്. കഴിഞ്ഞവര്‍ഷമാണ് കൂടുതല്‍പേര്‍ പിഴ ഒഴിവാക്കി ബോധവല്ക്കരണത്തിനെത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ 20 വയസ്സില്‍ താഴെയുള്ളവരാണ്– 7643 പേര്. 2017ല്‍ 9431 പേരും 2016ല്‍ 7241 പേരും ബോധവല്ക്കരണത്തില് പങ്കെടുത്തു.

ഏപ്രില്‍, മെയ് മാസങ്ങളിലാണ് കൂടുതല്‍പേരെ പിടികൂടിയിട്ടുള്ളത്. അധികവും വിദ്യാര്‍ഥികള്‍. ലൈസന്‍സ് കിട്ടിയ അന്നുതന്നെ മോട്ടോര്‍ വാഹനനിയമം ലംഘിച്ച 163 പേരും ഇതില്‍പ്പെടും. ഓവര്‍ ലോഡും മൊബൈല്‍ഫോണില്‍ സംസാരിച്ചതിനുമാണ് അധികവും. ലൈസന്‍സ് കിട്ടിയെന്ന് സുഹൃത്തിനോട് പറയുമ്ബോള്‍ എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലായത് 93 പേരാണ്. ലൈസന്‍സ് ലഭിച്ചതിന്റെ സന്തോഷത്തില്‍ സുഹൃത്തുമൊത്ത് മദ്യപിച്ചശേഷം വരുമ്ബോള്‍ വലയിലായത് 362 പേരും.

ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് ശനി, ബുധന്‍ ദിവസങ്ങളിലാണ് ബോധവല്‍ക്കരണ ക്ലാസ്. റോഡ് നിയമങ്ങളും അപകടസാധ്യതകളും മോട്ടോര്‍ വാഹനവകുപ്പ് വിശദീകരിക്കും. പിടിയിലാകുന്നവര്‍ ലൈസന്‍സ് തിരിച്ചേല്‍പ്പിച്ച് ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കണം. ഇവരില്‍നിന്ന് പിഴ ഈടാക്കില്ല.

മൊബൈല്‍ഫോണില്‍ സംസാരിച്ചതിനും ഹെല്‍മെറ്റ് വയ്ക്കാത്തതിനും 63 പെണ്‍കുട്ടികളും കഴിഞ്ഞവര്‍ഷം പെട്ടു. ലൈസന്‍സ് കിട്ടിയാല്‍ നിയമം കാറ്റില്‍ പറത്തുന്നവരാണ് പുതുതലമുറയില്‍ അധികമെന്ന് അധികൃതര്‍ പറയുന്നു. റോഡുകളില്‍ പരിശോധന നടത്തി അപകടങ്ങളുടെയും മരണത്തിന്റെയും എണ്ണം കുറയ്ക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ശ്രമം.
