നോട്ട് നിരോധനത്തിനു ശേഷമുള്ള തൊഴില്‍ നഷ്ട റിപ്പോര്‍ട്ട് കേന്ദ്രം പൂഴ്ത്തി; പ്രതിഷേധിച്ച് ഉദ്യോഗസ്ഥര്‍ രാജിവെച്ചു

ന്യൂഡല്‍ഹി > നോട്ട് നിരോധനം നടപ്പാക്കിയതിനുശേഷമുള്ള തൊഴില്‍ നഷ്ടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിവെക്കുന്നതില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥര്‍ രാജിവെച്ചു. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ സ്വതന്ത്ര അംഗങ്ങളായ പി സി മോഹനന്, ജെ വി മീനാക്ഷി എന്നിവരാണ് സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധമുയര്‍ത്തി രാജിവെച്ചത്. പി സി മോഹനന് കമീഷന്റെ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ കൂടിയാണ്.
ദേശീയ സാമ്ബിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ(എന്‍എസ്എസ്ഒ) ആദ്യ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2017-18ലെ റിപ്പോര്‍ട്ട് ഭീമമായ തൊഴില്‍ നഷ്ടത്തെ സൂചിപ്പിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. അതിനാലാണ് കേന്ദ്രം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയ്യാറാകാത്തതും.

റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ തങ്ങള്‍ റിപ്പോര്‍ട്ട് നല്കി രണ്ടുമാസമായിട്ടും പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് പി സി മോഹനനന്‍ പറഞ്ഞു. കമീഷനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല. കൃത്യമായ ഉത്തരവാദിത്വം നിര്‍വഹിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2017 ല്‍ ആണ് പി സി മോഹനനും ജെ വി മീനാക്ഷി യും കമീഷന് അംഗങ്ങളായത് 2020 വരെയാണ് കാലാവധി.

