പൊതുമരാമത്ത് പ്രവൃത്തികളുടെ വേഗം കൂട്ടാൻ തീരുമാനം.
കൊയിലാണ്ടി: ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യാൻ വേണ്ടി -പൊതുമരാമത്ത് വകുപ്പ് മന്ത്രി. ജി.സുധാകരൻ കൊയിലാണ്ടി റസ്റ്റ്ഹൗസിൽ വെച്ച് വിളിച്ചു ചേർത്ത വകുപ്പ് തല യോഗത്തിലാണ് എല്ലാ പ്രവൃത്തികളുടെയും വേഗം കൂട്ടാൻ തീരുമാനമായത്. യോഗത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ ജില്ലയിലെ എല്ലാ വിഭാഗം എഞ്ചിനീയർമാരും കെ. ദാസൻ എം.എൽ.എ യും സംബന്ധിച്ചു.
ജില്ലയിലെ റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ എല്ലാ പൊതുമരാമത്ത് പ്രവൃത്തികളുടെയും പുരോഗതി സമഗ്രമായി യോഗത്തിൽ അവലോകനം ചെയ്തു. ദേശീയപാതാ വികസനം ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു.
കൊയിലാണ്ടി മണ്ഡലത്തിലെ 3 റെയിൽവെ മേൽപ്പാലങ്ങൾ 5 നദീ പാലങ്ങൾ എന്നിവയുടെ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നപടികൾ ത്വരിതപ്പെടുത്താനും നിർദേശിച്ചു. മണ്ഡലത്തിലൂടെ കടന്നു പോകുന്ന തീരദേശ പാതയുടെ അലൈൻമെന്റിൽ ചില ഭാഗങ്ങളിലെ ജനവാസ മേഖലകൾ ഒഴിവാക്കിയെടുക്കുന്നതിനായി എം.എൽ.എ മുന്നോട്ടു വെച്ച അഭിപ്രായം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു. കൊയിലാണ്ടിയിൽ പുതുതായി നിർമ്മിക്കാനുദ്ദേശിക്കുന്ന പി.ഡബ്ല്യു.ഡി. കോംപ്ലക്സിനായി തയ്യാറാക്കിയ രൂപരേഖ എം.എൽ.എ മന്ത്രിക്ക് സമർപ്പിച്ചു. എം.എൽ.എ പറഞ്ഞതനുസരിച്ച് 4 കോടി രൂപ ചെലവ് കണക്കാക്കുന്ന പ്രസ്തുത കെട്ടിടം മനോഹരമായി രൂപകൽപ്പന ചെയ്തത് പൊതുമരാമത്ത്എഞ്ചിനീയറിംഗ് വിഭാഗം തന്നെയാണ്.
നിലവിലുള്ളതും പഴകി ജീർണ്ണിച്ചതുമായ റോഡ്സ്, ബിൽഡിംഗ് വിഭാഗങ്ങളുടെ ഓഫീസ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാണ് 3 നിലകളിലായിട്ടുള്ള പുതിയ കോംപ്ലക്സ് നിർമ്മിക്കുന്നത്. തയ്യാറാക്കിയ പ്ലാൻ അനുസരിച്ച് താഴത്തെ നിലയിൽ കൊയിലാണ്ടി സബ്ട്രഷറിക്ക് കൂടി സ്ഥലം അനുവദിച്ചിട്ടുണ്ട്. സ്ഥലപരിമിതി മൂലം കോടതി വളപ്പിൽ വീർപ്പുമുട്ടുന്ന സബ്ട്രഷറിക്ക് ഇത് അനുഗ്രഹമാണ്. ഭരണാനുമതിക്കായി വരാനിരിക്കുന്ന സംസ്ഥാന ബജറ്റിലേക്ക് പദ്ധതി ശുപാർശ ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ബജറ്റിൽ 20% മെങ്കിലും പണം നീക്കിവെച്ചാൽ പ്രവൃത്തികൾ ആരംഭിക്കാമെന്നും മന്ത്രി പറഞ്ഞു.
