എരഞ്ഞിപ്പാലത്ത് പൈപ്പ് പൊട്ടി; കുടിവെള്ള വിതരണം മുടങ്ങി

കോഴിക്കോട്: എരഞ്ഞിപ്പാലം ജംഗ്ഷനില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് പാടെ തകര്‍ന്നു. പുലര്‍ച്ചെ ആറിനായിരുന്നു സംഭവം. വെള്ളം ശക്തിയായി പ്രവഹിച്ചതോടെ റോഡ് പൊട്ടിതകരുകയായിരുന്നു. ഇതോടെ ഗതാഗതം താറുമാറായി.
ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. മൂന്നിടത്തുണ്ടായ പൈപ്പ് ലീക്കാണ് വിലയതോതില്‍ വെള്ളം കുത്തിയൊഴുകാന്‍ കാരണമായതെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമീപത്തെ ഹൈമാസ്റ്റ് ലൈറ്റ് പോലും ഏത് നിമിഷവും നിലം പൊത്താറായ അവസ്ഥയിലാണ്.

വെള്ളത്തിന്റെ സമ്മര്‍ദ്ദം ഏറിയതാണ് മൂന്നിടത്ത് ലീക്കുണ്ടാകാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാവിലെ എട്ടോടെ താല്കാലികമായി ചോര്‍ച്ച അടച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇതിനു ഇരുനൂറു മീറ്റര്‍ മാറി സമാനമായി പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായിരുന്നു.

പൈപ്പ് പൊട്ടുന്നത് തുടര്‍ സംഭവമായതോടെ സമീപത്തെ വ്യാപാരികളും യാത്രക്കാരും ഭീതിയിലാണ്. റോഡ് ഇടിഞ്ഞുതാഴ്ന്ന് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും ഏറെയാണ്.

