നവോത്ഥാനത്തിനുവേണ്ടി ഏതറ്റംവരെയും പോകും: കോണ്‍ഗ്രസ് നേതാവ് പി. രാമഭദ്രന്‍

കൊച്ചി: ജനുവരി ഒന്നിന്റെ വനിതാ മതിലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന ഭീഷണി തന്നോട് വേണ്ടെന്ന് കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി രാമഭദ്രന്‍. നാല്‍പ്പത് വര്‍ഷത്തിലധികമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു തന്റെ പിതാവ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള മതിലാണിത്. ദലിത് ഫെഡറേഷന്റെ എല്ലാ പ്രവര്‍ത്തകരും വനിതാ മതിലില്‍ പങ്കാളികളാകുമെന്നും പി രാമഭദ്രന്‍ പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയുമായി ബന്ധപ്പെട്ട് വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടിയപ്പോള്‍, കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനവും മതേതരത്വവും തകരുമെന്ന് കണ്ടപ്പോള്‍ വിവിധ തലങ്ങലില്‍ ആലോചനകളും ചര്‍ച്ചകളും നടന്നു. ഈ സാഹചര്യത്തിലാണ് നവോത്ഥാന പാരമ്ബര്യമുള്ള സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്. ഈ യോഗത്തിലാണ് വനിതാ മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതും സര്‍ക്കാരിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചതും. തങ്ങളാണ് മതില്‍ നിര്‍മിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

ഇത് സിപിഐ എമ്മിന്റെയോ സര്‍ക്കാരിന്റെയോ പിണറായി വിജയന്റെയോ പരിപാടിയല്ല. സര്‍ക്കാര്‍ പിന്തുണ വാഗ്ദാനം ചെയ്യുകയാണുണ്ടായത്. എല്ലാ രാഷ്ട്രീയപാര്‍ടികളുടെയും പിന്തുണ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. എല്‍ഡിഎഫ് യോഗം കൂടി വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചു. യുഡിഎഫും പരിപാടി വിജയിപ്പിക്കാന്‍ മുന്നോട്ട് വരണമെന്നാണേ് അഭ്യര്‍ത്ഥിക്കാനുള്ളത്.

വനിതാ മതിലില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസില്‍ സ്ഥാനമുണ്ടാകുമോ എന്നൊക്കെ കോണ്‍ഗ്രസുകാരും ജനങ്ങളും തീരുമാനിച്ചുകൊള്ളും. ഒന്നോ രണ്ടോ വ്യക്തികളല്ല തീരുമാനിക്കുന്നത്. അത്തരം ഭീഷണിയൊന്നും വേണ്ട. ആ ഭീഷണികള്‍ക്ക് വഴങ്ങി മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവറിലായിരുന്നു പി രാമഭദ്രന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ചാണ് വനിതാ മതിലില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പാര്‍ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കിയത്. 2006ല്‍ പി രാമഭദ്രന്‍ കുന്നത്തൂരിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
