അര്‍ജ്ജുന്‍ പ്രഭാകരന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

തളിപ്പറമ്പ്: ബംഗളൂരുവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വിദ്യാര്‍ത്ഥി അര്‍ജ്ജുന്റെ ചേതനയറ്റ ശരീരം അവസാനമായൊന്ന് കാണാന്‍ ആയിരങ്ങളാണ് തളിപ്പറമ്പ് കീഴാറ്റൂരിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വന്‍ജനാവലിയുടെ സാനിധ്യത്തില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെ കീഴാറ്റൂര്‍ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.അര്‍ജുന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളായ നാല് മലയാളിവിദ്യാര്‍ത്ഥികളെ കര്‍ണ്ണാടക പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് ബംഗളൂരു ആദിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ എംബിഎ വിദ്യാര്‍ത്ഥിയായ അര്‍ജ്ജുന്‍ അപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം ബന്ധുക്കള്‍ അവിടെ എത്തിയപ്പോഴാണ് മരണത്തിലെ ദുരൂഹതളുണ്ടെന്ന് വ്യക്തമാവുന്നത് .

ബന്ധുക്കളുടെ പരാതിയില്‍ പ്രകാരം തളിപ്പറമ്ബ് എം.എല്‍.എ ജയിംസ്മാത്യു ഇക്കാര്യം മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍ പെടുത്തി നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് രാജന്‍ കുണ്ഡെ പൊലിസ് കേസെടുത്തത് . മരക്കുറ്റിയില്‍ ബൈക്കിടിച്ചു വീണു എന്നാണ് എഫ്.ഐ.ആര്‍. എന്നാല്‍ അര്‍ജുന്റെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകള്‍ അപകടത്തില്‍ സംഭവിച്ചതല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുവന്നപ്പോള്‍ തന്നെ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഫോറന്‍സിക് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു.

ഇതിനെ തുടര്‍ന്ന് ഫോറന്‍സിക് സര്‍ജനെ കൊണ്ടുവന്നാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഞായറാഴ്ച രാവിലെ 11 മണിയോടെ യെലഹങ്ക ഗവ.ആശുപത്രിയില്‍ തുടങ്ങിയ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉച്ചക്ക് 2 മണിയോടെയാണ് പൂര്‍ത്തിയായത് . മുഖ്യമന്ത്രിയുടെ ഓഫിസ് കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ഓഫിസുമായും കര്‍ണ്ണാടക ഡി.ജി.പിയുമായും ബന്ധപ്പെട്ട് സംഭവത്തെകുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെയോടെയാണ് മൃതദേഹം ജന്മനാട്ടിലെത്തിയത്. തുടര്‍ന്ന് രാവിലെ 7.30 ന് കീഴാറ്റൂര്‍ തിട്ടയില്‍ പാലത്തിന് സമീപം പൊതുദര്‍ശനത്തിന് വെച്ചു. നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. ജയിംസ് മാത്യു എംഎല്‍എ, നഗരസഭാ അധ്യക്ഷന്മാരായ മഹമൂദ് അള്ളാംകുളം, പി കെ ശ്യാമള, തളിപ്പറമ്ബ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, സിപിഎം ഏരിയാ സെക്രട്ടറി പി മുകുന്ദന്‍, ജില്ലാ കമ്മിറ്റിയംഗം കെ സന്തോഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍, സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.കീഴാറ്റൂരിലെ കെ.ടി പത്മനാഭന്‍ പി. സുലേഖ ദമ്ബതികളുടെ ഏകമകനാണ് മരിച്ച അര്‍ജ്ജുന്‍.
