പ്രളയദുരിതാശ്വാസത്തില്‍ നിന്ന് 144 കോടി കേന്ദ്രം വെട്ടികുറച്ചു

ഡല്‍ഹി: കേരളത്തിനെതിരെ വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. പ്രളയദുരിതാശ്വാസമായി പ്രഖ്യാപിച്ചിരിക്കുന്ന തുകയില്‍നിന്ന് 143.54 കോടി രൂപവെട്ടിക്കുറച്ചിരിക്കുകയാണിപ്പോള്‍ കേന്ദ്രം. ഓഖി ദുരിതാശ്വാസമായി അനുവദിച്ചിരുന്ന തുക ചെലവഴിക്കാതെ ബാക്കി വന്നതാണ് തുക വെട്ടിക്കുറയ്ക്കാന്‍ കാരണമായിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണനിധി (എസ്.ഡി.ആര്.എഫ്.)യിലേക്കാണ് ഓഖി ദുരിതാശ്വാസത്തിനുള്ള തുക നല്‍കിയിരുന്നത്. ഓഖി ഫണ്ടില്‍ ചെലവഴിക്കാതെയിരുന്ന 143.54 കോടിയാണ് കുറച്ചിരിക്കുന്നതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഈ മാസം ആറിന് ചേര്‍ന്ന യോഗത്തിലാണ് ദേശീയ ദുരന്തനിവാരണനിധി (എന്‍.ഡി.ആര്.എഫ്.)യില്നിന്ന് കേരളത്തിന് 3048 കോടി രൂപ അനുവദിച്ചിരുന്നത്. എന്നാല്‍ ആഭ്യന്തരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ 10ന് പുതിയ ഉത്തറവിറക്കുകയായിരുന്നു. ഈ ഉത്തരവില്‍ കേരളത്തിന് 2304.85 കോടി രൂപ നല്‍കാനാണ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അനുവദിച്ച 600 കോടിയും ഓഖി ഫണ്ടിലെ ചെലവഴിക്കാതെ കിടക്കുന്ന 143.54 കോടിയും കുറച്ചാണിതെന്നാണ് വിശദീകരണം.

മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച തുക ചെലവഴിക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അതുകുറച്ചായിരിക്കും കേന്ദ്രം എപ്പോഴും എസ്.ഡി.ആര്.എഫിലേക്ക് തുക അനുവദിക്കുകയെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ആഞ്ഞടിച്ച പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ലോകബാങ്കും യു.എന്നും നടത്തിയ പഠനശേഷം 31,000 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

