തൂണുകള്‍ക്ക് വിള്ളല്‍; കാലടി പാലം അപകടാവസ്ഥയില്‍

കാലടി: തൂണുകള്‍ക്ക് വിള്ളല്‍ വന്നതോടെ കാലടി പാലം അപകടാവസ്ഥയില്‍. ആറ് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ പാലം പുതുക്കിപ്പണിയണമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് പാടേ അവഗണിച്ചതായും നാട്ടുകാര്‍ ആരോപിക്കുന്നു. മത്സ്യതൊഴിലാളികളാണ് പാലത്തിന്റെ എല്ലാ തൂണുകളിലും വിള്ളലുകള്‍ വന്നത് ആദ്യം കണ്ടത്.
തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. പ്രളയകാലത്ത് വന്‍തോതില്‍ വെള്ളം കയറിയ പ്രദേശമാണിത്. പ്രളയജലത്തില്‍ ഒഴുകിയെത്തിയ മരത്തടികളും മറ്റും വന്നിടിച്ച് തൂണുകള്‍ പൊളിഞ്ഞു. 60 വര്‍ഷത്തോളം പഴക്കമുള്ള പാലത്തിന് ബലക്ഷയമുണ്ടെന്ന് നേരത്തേതന്നെ ഐഐടി വിദഗ്ധര്‍ മുന്നറിയിപ്പു നല്കിയിട്ടുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലത്തിന്റെ സ്ലാബുകള്‍ അടര്‍ന്ന് വീണതിനെതുടര്‍ന്ന് ദിവസങ്ങളോളം ഗതാഗതം നിരോധിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. പുതിയ പാലം വേണമെന്ന ആവശ്യം അന്നുതന്നെ ഉയര്‍ന്നിരുന്നു.

2012ല്‍ പുതിയ പാലവും സമാന്തരറോഡും നിര്‍മിക്കാന്‍ 42 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍പോലും എങ്ങുമെത്തിയില്ല.അതേസമയം സംഭവം നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെതുടര്‍ന്ന് ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും പാലം സന്ദര്‍ശിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കി ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും അറിയിച്ചു.

