ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കോഴിക്കോട്: വളയനാട് ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു. ഉത്തര്‍പ്രദേശ് സ്വദേശി ഗോലുവാണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ ബന്ധുവായ ഭരത്തിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു.
വളയനാട് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിനു സമീപമാണ് സംഭവം. പുലര്‍ച്ചെയോടെയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി ഗോലുവും ഇയാളുടെ ബന്ധു ഭരത്തും തമ്മില്‍ വാക്കേറ്റമുണ്ടായി.

ക്യാമ്പില്‍ വച്ച് തുടങ്ങിയ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങി. മറ്റ് തൊഴിലാളികള്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പിന്മാറിയില്ല. മര്‍ദ്ദനമേറ്റ് അവശനായ ഗോലു ക്യാമ്ബിനു പുറത്തെ മൈതാനത്തേക്ക് ഇറങ്ങി.

പിന്നാലെ എത്തിയ ഭരത്ത് കല്ലു കൊണ്ടു ഗോലുവിന്റെ തലയ്ക്കടിക്കുകയായിരുന്നു .ഗുരുതര പരിക്കേറ്റ ഗോലു തല്‍ക്ഷണം മരിച്ചു. സംഭവശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച ഭരത്തിനെ മറ്റ് തൊഴിലാളികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

മദ്യപിച്ച ശേഷം ഇരുവരും തമ്മില്‍ തര്‍ക്കം പതിവാണെന്ന് തൊഴിലാളികള്‍ മെഡിക്കല്‍ കോളേജ് പൊലീസിനോട് പറഞ്ഞു. പോസ്റ്റമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
