കുടുംബശ്രീ സ്കൂൾ രണ്ടാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി

കൊയിലാണ്ടി: ജില്ലയിലെ 28000 ലേറെ വരുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഇനി പഠനത്തിന്റെ നാളുകളിലേക്ക് . കുടുംബശ്രീയുടെ സാമൂഹ്യ ശാക്തീകരണ – വിദ്യാഭ്യാസ പരിപാടിയായ ‘കുടുംബശ്രീ സ്കൂളി’ ന്റെ രണ്ടാം ഘട്ടത്തിന് കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിൽ തുടക്കമായി. ഇനിയുള്ള ആറ് ആഴ്ചകളിലായി 2 മണിക്കൂർ വീതം 12 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് പ്രത്യേക പാഠ്യപദ്ധതിയിലൂന്നി ആവിഷ്കരിച്ചിരിക്കുന്നത്.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ സംഘടന, കണക്കെഴുത്ത്, ധന മാനേജ്മെൻറ് കുടുംബത്തിലും അയൽക്കൂട്ടത്തിലും, സൂക്ഷ്മ സംരംഭങ്ങളിലൂടെ ഉപജീവനം, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ കുടുംബശ്രീയുടെ പങ്ക് എന്നീ വിഷയങ്ങളിലാണ് അയൽക്കൂട്ട അംഗങ്ങൾക്ക് ക്ലാസ് ലഭ്യമാക്കുക. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട, പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകരായ കമ്മ്യൂണിറ്റി അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് ക്ലാസുകൾ സംഘടിപ്പിക്കുക.
സ്കൂളിന്റെ ജില്ലാതല ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി. ഗിരീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീബ വരേക്കൽ, അനിൽകുമാർ. ഇ (ചെയർമാൻ, വികസന കാര്യം), . ഉണ്ണി തിയ്യക്കണ്ടി (ചെയർമാൻ, ആരോഗ്യം -വിദ്യാഭ്യാസം), ഗ്രാമ പഞ്ചായത്ത് സെക്രട്ടറി . പി.ജയരാജ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.സി. കവിത എന്നിവർ സംസാരിച്ചു.
