ഗൃഹശ്രീ ഭവന നിര്‍മ്മാണ യൂണീറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

തൃശ്ശൂര്‍:ചാവക്കാട് നഗരസഭയില്‍ ഭവന നിര്‍മ്മാണത്തിനായി രൂപീകരിച്ച ഗൃഹശ്രീ ഭവന നിര്‍മ്മാണ യൂണീറ്റിന്റെ ഉദ്ഘാടനം തുറമുഖം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വ്വഹിച്ചു. ആദ്യം നിര്‍മ്മിക്കാനൊരുങ്ങുന്ന വീടിന്റെ തറക്കല്ലിടലല്‍ കര്‍മ്മവും മന്ത്രി നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാര്‍ എന്‍കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. നഗരസഭയ്ക്ക് കീഴില്‍ വീട് നിര്‍മ്മിക്കുന്നതിന് സാമ്ബത്തികമായി ബുദ്ധിമുട്ടുന്ന 26 കുടുംബങ്ങള്‍ക്കാണ് ഗൃഹശ്രീ പദ്ധതിയിലൂടെ വീട് നിര്‍മ്മിച്ച് നല്‍കുന്നത്.
കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും പരിശീലനം നേടിയ 20 കുടുംബശ്രീ പ്രവര്‍ത്തകരാണ് വീട് നിര്‍മ്മിക്കുന്നത്. 53 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ വീടിന്റെ ആദ്യഘട്ടം മുതല്‍ ഇലക്ട്രിക്കല്‍ വര്‍ക്ക് വരെയുള്ള ജോലിയകള്ക്ക് പരിശീലനം നല്‍കും. 650 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കുന്ന വീട്ടില്‍ സിറ്റ് ഔട്ട്, ഹാള്‍, രണ്ട് ബെഡ് റൂം, അടുക്കള, അറ്റാച്ച്ട് ബാത്ത് റൂം എന്നിവയുണ്ട്.

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള വേതനം നല്‍കുന്നത്. നഗരസഭയിലെ ലൈഫ് പദ്ധതി പ്രകാരം 180 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും 400 വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലുമാണ്. നഗരസഭ സെക്രട്ടറി ടിഎന്‍ സിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന്മാര് കുടുംബശ്രീ പ്രവര്‍ത്തകര്‍ നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

