ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചേക്കും

പത്തനംതിട്ട: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചേക്കും. സന്നിധാനത്ത് സംഘര്‍ഷ സാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റാന്നി തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ നേരിട്ട് കണ്ട് വിശദീകരണവും നല്‍കി. ഭക്തരെ തടയുന്ന തരം നിരോധനാജ്ഞ സന്നിധാനത്ത് ഇല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നിരോധനാജ്ഞ തല്‍ക്കാലം പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന. പിന്നീട് സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകു.
ഇന്നലെ ചില നാമ പ്രതിഷേധങ്ങള്‍ നടന്നെങ്കിലും സന്നിധാനം പൊതുവെ ശാന്തമാണ്. മാസ പൂജ സമയത്തോ ചിത്തിര ആട്ട വിശേഷ സമയത്തോ കണ്ട പ്രതിഷേധങ്ങള്‍ നിലവില്‍ അവിടെയില്ല. ഈ സാഹചര്യത്തിലാണ് ശബരിമലയില്‍ നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലെന്ന റിപ്പോര്‍ട്ട് റാന്നി തഹസില്‍ദാര്‍ കളക്ടര്‍ക്ക് നല്‍കിയിരിക്കുന്നത്. സന്നിധാനത്തെ സ്ഥിതി ശാന്തമാണെന്നും, പൊലീസ് നിയന്ത്രണത്തിന് ഇളവുകള്‍ വരുത്താമെന്നും റിപ്പോര്‍ട്ടിലുണ്ട്. വാവര് നടയില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കലാവധി ഇന്ന് അര്‍ദ്ധരാത്രിയാണ് അവസാനിക്കുന്നത്. നിരോധനാജ്ഞയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ മുന്നിലടക്കം പരാതികള്‍ എത്തിയിട്ടുണ്ട്. ഇതിന് പുറമെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ശക്തമായ ചോദ്യങ്ങളും ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും പൊലീസ് പിന്‍വലിച്ചിട്ടുണ്ട്.

