KOYILANDY DIARY.COM

The Perfect News Portal

ജനങ്ങളെ ഭിന്നിപ്പിച്ച്‌ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കുക എന്നതാണ് ബിജെപിയുടെ ഉദ്ദേശം: മുഖ്യമന്ത്രി

തിരുവനന്തപുരം; ബിജെപിയുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി ഭക്തരെ ബലിയാടുകളാക്കുകയാണെന്നും സമരം ഭക്തിയുടെ പേരിലല്ലായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുവതീ പ്രവേശനത്തിനെതിരെയല്ല സമരം, കമ്യൂണിസ്റ്റുകാര്‍ക്കെതിരെയാണെന്ന് ശ്രീധരന്‍പിള്ള തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയപരമായ സമരമാണെങ്കില്‍ എന്തിനാണ് ശബരിമലയെ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി. ജനങ്ങളെ ഭിന്നിപ്പിച്ച്‌ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടിയെടുക്കുക എന്നതാണ് ബിജെപിയുടെ ഉദ്ദേശം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സ് ആര്‍എസ്‌എസിനും ബിജെപിക്കും ഒപ്പം നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ സമരക്കാരുടെ ഉദ്ദേശം ഇതിനകം മനസിലാക്കി കഴിഞ്ഞു. ഭക്തരെ ദുരിതത്തിലാക്കുന്ന സമീപനമാണ് സംഘപരിവാര്‍ നടപ്പിലാക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍. വോട്ടിന് വേണ്ടി രാജ്യത്തെ വില്‍ക്കാനുള്ള നിലപാടാണ് ഇവര്‍ കൈക്കൊണ്ടിരിക്കുന്നത്. തടസങ്ങള്‍ ഉണ്ടാക്കാന്‍ വന്നവരെ ഒഴിവാക്കുന്ന നടപടികള്‍ മാത്രമെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളു. ഭക്തര്‍ക്ക് സൗകര്യമൊരുക്കുക മാത്രമാണ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും പൊലിസ് ഇവിടെ സംയമനം പാലിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയെ സംഘപരിവാര്‍ രാഷ്ട്രീയ ആയുധമാക്കി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സംഘടിതമായ നീക്കമുണ്ടായി. മാധ്യമപ്രവര്‍ത്തകരെ സംഘപരിവാര്‍ ശക്തികള്‍ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. അക്രമികള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ല. ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ തെറ്റില്ല. ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഒരേ ലക്ഷ്യം തന്നെയാണ്. ശബരിമല വിഷയത്തില്‍ മനുഷ്യസാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും സുപ്രിംകോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റൊരു വഴിയുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *