ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന കമ്മിറ്റിയേയും ഭാരവാഹികളേയും ഇന്ന് തെരഞ്ഞെടുക്കും. വൈകീട്ട് നടക്കുന്ന യുവജന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
3 ദിവസമായി കോഴിക്കോട് നടക്കുന്ന ഡി വൈ എഫ് ഐ പതിനാലാം സംസ്ഥാന സമ്മേളനം ഇന്ന് വൈകീട്ട് സമാപിക്കും. പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളനം തെരഞ്ഞെടുക്കും. പുതിയ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍ എന്നിവരുടെ തെരഞ്ഞെടുപ്പും ഉച്ചയോടെ പൂര്‍ത്തിയാകും. വൈകീട്ട് 4 മണിക്ക് കടപ്പുറത്തെ ഫിഡല്‍ കാസ്ട്രോ നഗറിലാണ് യുവജന റാലി. കോഴിക്കോട് ജില്ലയില്‍ നിന്നു ഒരു ലക്ഷം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന നേതാക്കള്‍ അറിയിച്ചു.

യുവജനറാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ഭാരവാഹികളായ അവോയ് മുഖര്‍ജി, പി എ മുഹമ്മദ് റിയാസ്, സമ്മേളനം തെരഞ്ഞെടുക്കുന്ന പുതിയ സംസ്ഥാന ഭാരവാഹികള്‍, സി പി ഐ (എം) നേതാക്കളായ എളമരം കരീം എം പി, മന്ത്രി ടി പി രാമകൃഷ്ണന്‍ എന്നിവരും റാലിയില്‍ സംസാരിക്കും. 11 വനിതകള്‍ അടക്കം 46 പേരാണ് ആറര മണിക്കൂര്‍ നീണ്ട പൊതുചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി എം സ്വരാജും അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും മറുപടി പറഞ്ഞു.

നവമാധ്യമ രംഗത്തെ ഇടപെടല്‍ ശക്തിപ്പെടുത്താന്‍ സമ്മേളനം തീരുമാനിച്ചു. പരിസ്ഥിതി – കലാ സാംസ്ക്കാരിക രംഗങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടാനും സമ്മേളനത്തില്‍ തീരുമാനമായി. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വിപുലമായ രണ്ടാം ഘട്ട പ്രചാരണത്തിനും സംസ്ഥാന സമ്മേളനം രൂപം നല്‍കും

