പൂട്ടിയിട്ട വീട്ടില്‍ മോഷണം: 10 പവനും ഡയമണ്ട് നെക്ലേസും സ്കൂട്ടറും നഷ്ടപ്പെട്ടു

പാലക്കാട്: പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം. 10 പവന് സ്വര്ണ്ണഭാരണവും, ഡയമണ്ട് നെക്ലേസും, സ്ക്കൂട്ടറും മോഷണം പോയി. മുടപ്പല്ലൂര്‍, കരിപ്പാലി ശ്രുതി നിവാസില്‍ റിട്ട. ബാങ്ക് ജീവനക്കാരന് കുഞ്ചുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച്ച രാവിലെ വീടുപൂട്ടി കുഞ്ചു കുടുംബ സമ്മേതം കാസര്‍ഗോഡ് പോയിരിക്കുകയാണ്. ഞായര്‍ രാവിലെ 11ന് ഇവരുടെ വീട്ടിലെ പൂച്ചക്ക് ഭക്ഷണം നല്‍കാനായി എത്തിയ അയല്‍വാസിയായ വീട്ടമ്മയാണ് മോഷണം നടന്നതറിഞ്ഞത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നിരിക്കുന്നത്. റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 10 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും, 75,000 രൂപ വിലയുള്ള ഡയമണ്ട് നക്ലേസുമാണ് മോഷണം പോയത്.
കൂടുതലായി വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വീട്ടുടമ സ്ഥലത്തെത്തിയാലെ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. വീടിനു മുമ്പിലായി നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറും നഷ്ടപ്പെട്ടിട്ടുണ്ട്. പകരം ഈ സ്ഥലത്ത് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇത് കൊല്ലങ്കോട് ഭാഗത്തു നിന്നും മോഷണം പോയ ബൈക്കാണെന്ന് പോലീസ് പിന്നീട് കണ്ടെത്തി. വടക്കഞ്ചേരി എസ്.ഐ എ. ആദംഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.

