കൊയിലാണ്ടി താലൂക്ക് ആശുപത്രി കെട്ടിടം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊയിലാണ്ടി. താലൂക്ക് ആശുപത്രിക്കായി പുതുതായി നിർമ്മിച്ച ആറ് നില കെട്ടിടത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കാലത്ത് കൃത്യം 11 മണിക്ക് എത്തിയ മുഖ്യമന്ത്രി പുതിയ 6 നില കെട്ടിടം തുറന്നു കൊടുത്ത ശേഷം സ്റ്റേഡിയം ഗ്രൗണ്ടിൽ സജ്ജമാക്കിയ പന്തലിൽ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി ആശുപത്രി കെട്ടിടത്തിൻ്റെ ഔപചാരിക ഉദ്ഘാടന പ്രഖ്യാപനം നടത്തി.
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ സൌഹൃദ സംസ്ഥാന മായി കേരളത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇനിയും കേരളം ആരോഗ്യരംഗത്ത് ഒട്ടേറെ പുരോഗതി കൈവരിക്കാൻ ഉണ്ട് അതിനായി ഈ നാടിനെയാകെ പിന്തുണ സർക്കാരിന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിലെ ഏതാനും ചില ഡോക്ടർമാർ ചികിത്സയ്ക്കെത്തുന്ന രോഗികളെ തൻറെ സ്വന്തം താല്പര്യത്തിനു വേണ്ടി അനാവശ്യ ടെസ്റ്റുകൾ നടത്തി സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നത് സർക്കാരിൻ്റെ ശ്രദ്ധയിൽ വരികയുണ്ടായി. ഇത്തരം പ്രവണതകൾ സംസ്ഥാനത്ത് വച്ചുപൊറുപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗികളും ഡോക്ടർമാരും തമ്മിൽ നല്ല സൗഹൃദം ഊട്ടി ഉറപ്പിക്കണം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ തുടർന്നുള്ള വികസനത്തിൽ സർക്കാരിൻ്റെ പിന്തുണ ഉണ്ടാകണമെന്ന നഗരസഭയുടെയും എംഎൽഎ കെ. ദാസനെയും ആവശ്യങ്ങൾക്ക് സർക്കാരിൻറെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ ദാസൻ എം എൽ എ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. നഗരസഭാ ചെയർമാൻ അഡ്വ കെ സത്യൻ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺ വി കെ പത്മിനി, മുൻ എംഎൽഎ പി വിശ്വൻ മാസ്റ്റർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, മറ്റ് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പി.ഡ്ബ്യു.ഡി എഞ്ചിനീയർ ദിലീപ് ലാൽ റിപ്പർട്ടവതരിപ്പിച്ചു.

നേരത്തെ ആശുപത്രി കെട്ടിടം തുറന്നു കൊടുത്ത ശേഷം ചെണ്ടമേളത്തിൽ വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ മുഖ്യമന്ത്രിയെ പൊതുസമ്മേളന വേദിയായ സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് ആനയിക്കുകയായിരുന്നു. സമൂഹത്തിലെ നാനാ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിനാളുകൾ താലൂക്ക് ആശുപത്രിയുടെ ആറുനില കെട്ടിടത്തിൻ്റ ഉദ്ഘാടനം വീക്ഷിക്കാൻ എത്തിയിരുന്നു.

