മൂന്നരവയസുകാരിയെ ടോയ്‌ലറ്റ് ബ്രഷുപയോഗിച്ച് കഴുകിയ ജീവനക്കാരി അറസ്റ്റില്‍

കോട്ടയം: അങ്കണവാടിയില്‍ മലവിസര്‍ജനം ചെയ്ത മൂന്നരവയസുകാരിയെ ടോയ്‌ലറ്റ് ബ്രഷുപയോഗിച്ച് കഴുകിയ ജീവനക്കാരി അറസ്റ്റില്‍.കോട്ടയം മുട്ടമ്പലം ചന്തക്കടവ് തട്ടുങ്കല്‍ചിറ നീതു(36)വിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ ബോസ്, എസ്.ഐ. എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
കോട്ടയം പതിനാറില്‍ചിറ 126ാം നമ്ബര്‍ അങ്കണവാടിയിലായിരുന്നു സംഭവം. കുട്ടിക്ക് മലദ്വാരത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ജീവനക്കാരിയുടെ ക്രൂരത പുറത്തായത്. പരിശോധിച്ച ഡോക്ടറോടാണ് അങ്കണവാടിയിലെ ജീവനക്കാരി കക്കൂസ് കഴുകുന്ന ബ്രഷുപയോഗിച്ച് കഴുകിയവിവരം കുട്ടി പറഞ്ഞത്. ആശുപത്രി അധികൃതര്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റീസ് ആക്‌ട് പ്രകാരം ജീവനക്കാരിക്കെതിരേ കോട്ടയം വെസ്റ്റ് പോലീസ് കേസെടുക്കുകയായിരുന്നു.

അങ്കണവാടിയില്‍വെച്ച് മലവിസര്‍ജനം നടത്തുമ്പോള്‍ ജീവനക്കാരിയാണ് പതിവായി കുട്ടിയെ കഴുകിച്ചിരുന്നത്. ഇത് ടോയ്‌ലറ്റ് കഴുകുന്ന ബ്രഷുപയോഗിച്ചായിരുന്നു. പലതവണ ഇത്തരത്തില്‍ കഴുകിയതിനെത്തുടര്‍ന്ന് കുട്ടിക്ക് മലദ്വാരത്തില്‍ അണുബാധയേല്‍ക്കുകയായിരുന്നു. മറ്റു കുട്ടികളെയും ഇത്തരത്തില്‍ കഴുകിയിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

