KOYILANDY DIARY.COM

The Perfect News Portal

96-ാം വയസ്സില്‍ കാര്‍ത്യായനിയമ്മക്ക‌് ഒന്നാം റാങ്ക‌്

ആലപ്പുഴ: 96-ാം വയസ്സില്‍ സ‌്മാര്‍ട്ടായി പരീക്ഷയെഴുതിയ കാര്‍ത്യായനിയമ്മക്ക‌് സാക്ഷരതാ പരീക്ഷയില്‍ ‘ഒന്നാം റാങ്ക‌്’. സാക്ഷരതാ മിഷന്‍ നടത്തിയ നാലാം തരം തുല്യതാപരീക്ഷയിലാണ‌് പരീക്ഷാര്‍ഥികളിലെ സീനിയര്‍ സിറ്റിസണായ കാര്‍ത്യായനിയമ്മ സംസ്ഥാനതലത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കായ 98 നേടിയത‌്. എഴുത്തില്‍ കാര്‍ത്യായനിയമ്മ 38 മാര്‍ക്കുനേടി. വായനയില്‍ 30, കണക്കില്‍ 30 എന്നിങ്ങനെയാണ‌് മാര്‍ക്ക്.

ആഗസ‌്ത‌് അഞ്ചിന‌് ഹരിപ്പാട‌് മുട്ടം കണിച്ചനെല്ലൂര്‍ യുപി സ‌്കൂളിലാണ‌് പ്രായത്തിന്റെ അവശതകള്‍ മറികടന്ന‌് കാര്‍ത്യായനിയമ്മയുടെ തുല്യതാ പരീക്ഷയെഴുതിയത‌്. കാര്‍ത്യായനിമ്മ പരീക്ഷയെഴുതുന്ന ചിത്രവും വാര്‍ത്തയും ദേശീയതലത്തില്‍ ഉള്‍പ്പടെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം തുല്യതാ പരീക്ഷയെഴുതിയ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ഥി ഹരിപ്പാട‌് ചേപ്പാട‌് സ്വദേശിനിയായ കാര്‍ത്യായനിയമ്മയായിരുന്നു. വ്യാഴാഴ‌്ച സെക്രട്ടറിയറ്റ‌് കോണ്‍ഫറന്‍സ‌് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്‍ത്യായനിയമ്മയ‌്ക്ക‌് സാക്ഷരതാ സര്‍ട്ടിഫിക്കറ്റ‌് നല്‍കും.

സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി കാര്‍ത്ത്യായനിയമ്മ ഉള്‍പ്പെടെ 43,330 പേരാണ‌് സാക്ഷരതാ പരീക്ഷയെഴുതിയത‌്. ഇതില്‍ 42,933 പേര്‍ വിജയിച്ചു. വിജയശതമാനം 99.084. വിജയിച്ചവരില്‍ 37,166 പേര്‍ സ‌്ത്രീകളാണ്. പട്ടികജാതി വിഭാഗത്തില്‍നിന്ന‌് 8215 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് 2882 പേരും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.

Advertisements

10,866 പേര്‍ വിജയിച്ച പാലക്കാട് ജില്ലയാണ് ഏറ്റവും മുന്നില്‍. 9412 പേരെ വിജയിപ്പിച്ച‌് തിരുവനന്തപുരം ജില്ല രണ്ടാമതായി. മിഷന്‍ തയാറാക്കിയ പുതിയ സാക്ഷരതാ പാഠാവലിയിലായിരുന്നു പരീക്ഷ. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 18 ലക്ഷം നിരക്ഷരരുണ്ടെന്നാണ് കണക്ക്. അവശേഷിക്കുന്ന മുഴുവന്‍ പേരെയും സാക്ഷരരാക്കി കേരളത്തെ പരിപൂര്‍ണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുകയാണ് അക്ഷരലക്ഷം പദ്ധതി ലക്ഷ്യമിടുന്നത്. ‘അക്ഷരലക്ഷം’ പരിപൂര്‍ണ സാക്ഷരതാപദ്ധതിയുടെ രണ്ടാംഘട്ടം ഒരു ജില്ലയിലെ തെരഞ്ഞെടുത്ത ഒരു തദ്ദേശസ്ഥാപനത്തില്‍ നടപ്പാക്കുമെന്നും ഒരുവര്‍ഷം ഒരുലക്ഷം പേരെ സാക്ഷരരാക്കുകയാണ‌് ലക്ഷ്യമെന്നും സാക്ഷരതാമിഷന്‍ ഡയറക‌്ടര്‍ ഡോ. പി എസ് ശ്രീകല പറഞ്ഞു. വ്യാഴാഴ‌്ച ഉച്ചയ‌്ക്ക‌് നടക്കുന്ന സര്‍ട്ടിഫിക്കറ്റ‌് വിതരണത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും പങ്കെടുക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *