കൊയിലാണ്ടിയിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം: യുവാവ് പോലീസ് പിടിയിൽ

കൊയിലാണ്ടി: വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപിച്ച് മൊബൈൽ ഫോണുമായി കടന്ന യുവാവ് പോലീസ് പിടിയിലായതായി സൂചന. തലശ്ശേരി പാനൂർ തുവ്വക്കുന്ന മുക്കത്ത് വീട്ടിൽ അജ്മൽ (24) ആണ് പിടിയിലായത്. സമാനമായ കേസിൽ തലശ്ശേരി പോലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി പോലീസിന്റെ സമർത്ഥമായ ഇടപെടലാണ് പ്രതിയെ വലയിലാക്കാൻ ഇടയാക്കിയത്.
കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു മുൻവശം ടോൾ ബൂത്തിനു സമീപമുള്ള തൊണ്ണം പുറത്ത് പത്മിനിയെയാണ് ഇയാൾ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരിയിൽ സമാനമായ കേസിൽ അജ്മൽ പിടിയിലാകുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടിയിലെ സംഭവത്തിൽ പ്രതിയാണെന്ന് അറിയുന്നത്.
കൊയിലാണ്ടി പോലീസ് തലശ്ശേരിയിലെത്തി കസ്റ്റഡിയിൽ എടുത്ത ശേഷം കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപമുള്ള വീട്ടിൽ കൊണ്ടുവന്നു തെളിവെടുപ്പു നടത്തി. കൊയിലാണ്ടിയിൽ ഇയാൾ ചായ കഴിച്ച കടയിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. മുഖം മൂടി ധരിച്ചാണ് ഇയാളെ തെളിവെടുപ്പിന് കൊണ്ടുവന്നത്. വൻ ജനാവലിയാണ് ബസ് സ്റ്റാന്റിലും പരിസരത്തും തെളിവെടുപ്പ് നടത്തുന്നിടത്ത് പ്രതിയെ കാണാൻ എത്തിയത്. ഐഡന്റിഫിക്കേഷൻപരേഡും പൂർത്തിയാവാനുണ്ടെന്ന് പോലീസ് പറഞ്ഞു.
